കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു
തൃശ്ശൂര്‍ എസ്.ഐ.ഇ.ടി. സംഘടിപ്പിച്ച അഞ്ചാമത് കുട്ടികളുടെ ചലച്ചിത്രമേള സമാപിച്ചു. മത്സര വിഭാഗത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രത്തിനുള്ള ഒരുലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് കോഴിക്കോട് കുറ്റിയാടി എം.ഐ.യു.പി.എസ്. നിര്‍മ്മിച്ച 'തോരാമഴ' എന്ന ചിത്രത്തിന് ലഭിച്ചു. കോഴിക്കോട് തൃക്കുറ്റിശ്ശേരി ഗവ. യു.പി.എസ്. നിര്‍മ്മിച്ച 'ഇമ്മിണി ബല്യൊരാള്‍' കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഏറ്റവും നല്ല ചിത്രത്തിനുള്ള 50,000 രൂപയും എജുക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫിയും അടങ്ങുന്ന അവാര്‍ഡ് നേടി. ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അവാര്‍ഡ് വിതരണം ചെയ്തു. 'ഒറ്റയടിപ്പാതകള്‍' എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ആല്‍ബര്‍ട്ട് ഡേവിസ് മികച്ച സംവിധായകനുള്ള പി. രാംദാസ് അവാര്‍ഡ് (10,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും) നേടി. മികച്ച നടനുള്ള അവാര്‍ഡ് 10,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും 'വര്‍ണ്ണങ്ങളില്ലാതെ' എന്ന സിനിമയിലെ അഭിനയത്തിന് ഷിബില്‍ എം. കരസ്ഥമാക്കി. 'തിര' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികള്‍ നിര്‍മ്മിച്ചവയില്‍ പ്രൈമറി വിഭാഗത്തില്‍ 'തോരാമഴ' (എം.ഐ.യു.പി.എസ്. കുറ്റിയാടി). സെക്കന്‍ഡറി വിഭാഗത്തില്‍ പുനര്‍ജ്ജനി (ഗവ. എച്ച്.എസ്.എസ്. വെട്ടത്തൂര്‍, മലപ്പുറം), സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 'ഒറ്റയടിപ്പാതകള്‍' (ഗവ. എച്ച്.എസ്.എസ്. മണപ്ര, എറണാകുളം), ബി.ആര്‍.സി. വിഭാഗത്തില്‍ 'രവിവര്‍ണ്ണം' (ബി.ആര്‍.സി. കിളിമാനൂര്‍) എന്നീ ചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ചവയില്‍ പ്രൈമറി വിഭാഗത്തില്‍ 'ഇമ്മിണി ബല്യൊരാള്‍' (സംവിധാനം -മനോജ് കല്‍പ്പത്തൂര്‍), സെക്കന്‍ഡറി വിഭാഗത്തില്‍ 'നാഗമാണിക്യം' (ഭരതന്നൂര്‍ ഷമീര്‍), സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 'കാവുതീണ്ടല്ലേ' (ഷെന്‍ലി), ബി.ആര്‍.സി. വിഭാഗത്തില്‍ ലേഡി ഗാന്ധി (അരുണേഷ് ശങ്കര്‍) എന്നീ ചിത്രങ്ങളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാംസ്ഥാനത്തിനുള്ള അവാര്‍ഡ്. ഓരോ വിഭാഗത്തിലും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും മികച്ച മൂന്നാമത്തെ ചിത്രത്തിന് ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡും നല്‍കി. വിവിധ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും മികച്ച സ്‌ക്രിപ്റ്റ് റൈറ്റര്‍, സംവിധായകന്‍, ക്യാമറ വര്‍ക്ക്, എഡിറ്റര്‍, പശ്ചാത്തല സംഗീതം, ശബ്ദലേഖകന്‍, സെറ്റ് ഡിസൈനിങ്, ഗ്രാഫിക്‌സ് ആന്‍ഡ് ആനിമേഷന്‍, ശബ്ദാവതരണം എന്നീ വ്യക്തിഗത അവാര്‍ഡുകളും വിതരണം ചെയ്തു. സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മേയര്‍ ഐ.പി. പോള്‍ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എല്‍.എ., വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍, എ.എ. വത്സല എന്നിവര്‍ പങ്കെടുത്തു.