Membership Form

വി.എച്ച്.എസ്.ഇ സെമസ്റ്റര്‍ മാതൃകയിലേക്ക്‌

33 കോഴ്‌സുകള്‍, 70 ശതമാനവും പ്രാക്ടിക്കല്‍
* എല്ലാ സ്‌കൂളുകളിലും തൊഴില്‍ പരിശീലന കേന്ദ്രം 

തിരുവനന്തപുരം : വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി നാല് മോഡ്യൂളുകളാക്കി മാറ്റി അടിമുടി പരിഷ്‌കരിക്കും. സെമസ്റ്റര്‍ മാതൃകയിലുള്ള നാല് മോഡ്യൂളുകളില്‍ കൂടി നാല് മേഖലകളില്‍ പ്രാവീണ്യം നല്‍കുംവിധമാണ് പാഠ്യപദ്ധതി മാറ്റുക. 70 ശതമാനം പ്രാക്ടിക്കലും 30 ശതമാനം തിയറിയുമായി പാഠ്യപദ്ധതിയില്‍ കാര്യമായ മാറ്റമാണ് വരുത്തുന്നത്. ആകെയുണ്ടായിരുന്ന 42 കോഴ്‌സുകള്‍ കാലോചിതമായി പരിഷ്‌കരിച്ച് 33 കോഴ്‌സുകളായാണ് പുനഃസംഘടിപ്പിക്കുന്നത്.

ഓരോ മോഡ്യൂളും ഓരോ മേഖലയില്‍ പ്രായോഗിക പരിശീലനം ലഭിക്കുംവിധമാണ് സംവിധാനം ചെയ്യുന്നത്. ഓരോ മോഡ്യൂളിനുശേഷവും പ്രാക്ടിക്കല്‍ പരീക്ഷയുണ്ടാകും. തിയറി പരീക്ഷ വര്‍ഷാന്ത്യം മാത്രം. ഓരോ മോഡ്യൂളിലെയും പ്രാവീണ്യത്തിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ പതിവ് രീതിയില്‍ ഉപരിപഠനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.

എല്ലാ കുട്ടികളും പഠിക്കേണ്ട ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്, എന്റര്‍പ്രണര്‍ഷിപ്പ്‌ െഡവലപ്‌മെന്റ് കോഴ്‌സ് എന്ന പേരിലാക്കി പുനഃസംവിധാനം ചെയ്തു. ഇതിന് പൊതു തിയറിയും അതത് മേഖലയെക്കുറിച്ചുള്ള പ്രാക്ടിക്കലുമുണ്ടാകും. പ്രാക്ടിക്കലില്‍ നൈപുണ്യ വികസനം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് വിനിമയ ശേഷി, മാര്‍ക്കറ്റിങ് പഠനം എന്നിവ ഉള്‍പ്പെടുത്തി.

16 ദിവസമായിരുന്ന വ്യവസായ പരിശീലനം 30 ദിവസമാക്കും. തുടര്‍ന്ന് തൊഴില്‍ പരിശീലനത്തെ അടിസ്ഥാനമാക്കി ചെറു തീസിസും കുട്ടികള്‍ എഴുതണം. വ്യവസായസ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന തൊഴില്‍ പരിശീലനം വിലയിരുത്തി അതത് തൊഴില്‍ സ്ഥാപനമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

എല്ലാ സ്‌കൂളുകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കും. ഇവ ഉല്പാദനകേന്ദ്രങ്ങള്‍ കൂടിയാക്കാനുള്ള ശ്രമവും വേണം. പൂര്‍വവിദ്യാര്‍ഥികള്‍, എന്‍.ജി.ഒ. കള്‍ എന്നിവയുടെയൊക്കെ സഹകരണത്തോടെ തൊഴില്‍ പരിശീലനകേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പാഠ്യപദ്ധതി രൂപവത്കരണത്തില്‍ വ്യവസായമേഖലയുടെ ആവശ്യകത പരിഗണിക്കും. അവര്‍ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അവസരം നല്‍കണം. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ വൊക്കേഷണല്‍ ഉപദേശക സമിതികള്‍ രൂപവത്കരിക്കും. കുട്ടികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ ഈ സമിതികള്‍ സംവിധാനമൊരുക്കും.

സംസ്ഥാനാടിസ്ഥാനത്തില്‍ ഫിനിഷിങ് സ്‌കൂള്‍ തുടങ്ങി കുട്ടികളെ പൂര്‍ണമായി തൊഴില്‍ പ്രാപ്തിയുള്ളവരാക്കും. എല്ലാവര്‍ഷവും വി.എച്ച്.എസ്.ഇ. എക്‌സിബിഷന്‍ നടത്തും. ഹയര്‍ സെക്കന്‍ഡറിക്ക് ചേരാതെവരുന്ന കുട്ടികളുടെ അത്താണിയെന്ന നിലയില്‍നിന്ന് തൊഴില്‍ സാധ്യത ഉറപ്പാക്കി കുട്ടികള്‍ ചേരുന്ന കോഴ്‌സായി വി.എച്ച്.എസ്.ഇ. മാറ്റുകയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യം. കരിക്കുലം കമ്മിറ്റി ഈ പാഠ്യപദ്ധതിക്ക് അംഗീകാരം നല്‍കി. ഫിബ്രവരി 26 മുതല്‍ മൂന്നുദിവസം ദേശീയതല ശില്പശാല നടത്തി ചില മിനുക്കുപണികള്‍കൂടി നടത്തി ഇതിന് അന്തിമാംഗീകാരം നല്‍കും. 

വി.എച്ച്.എസ്.ഇ. യിലേക്ക് നിര്‍ദേശിച്ചിരിക്കുന്ന കോഴ്‌സുകള്‍ :


എന്‍ജിനിയറിങ് : ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ്, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, പ്രിന്റിങ് ആന്‍ഡ് ഗ്രാഫിക് ടെക്‌നോളജി, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, പോളിമര്‍ ടെക്‌നോളജി, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, മറൈന്‍ എന്‍ജിനിയറിങ്.
അഗ്രികള്‍ച്ചര്‍ : അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അഗ്രി ബിസിനസ് ആന്‍ഡ് അഗ്രോ പ്രോസസിങ്.
അലൈഡ് ഹെല്‍ത്ത് കെയര്‍ : മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഇ.സി.ജി. ആന്‍ഡ് ഓഡിയോളജി, നഴ്‌സിങ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍, ദന്തല്‍ ടെക്‌നോളജി, ബയോ മെഡിക്കല്‍ ടെക്‌നോളജി, ഫിസിയൊതെറാപ്പി, ഫിസിക്കല്‍ എഡ്യുക്കേഷന്‍.
ആനിമല്‍ ഹസ്‌ബെന്‍ഡറി : ആനിമല്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, െഡയറി ടെക്‌നോളജി.
ഫിഷറീസ് : മെറൈന്‍ ഫിഷറീസ് ആന്‍ഡ് സീ ഫുഡ് പ്രോസസിങ്, അക്വാ കള്‍ച്ചര്‍.
ഹോം സയന്‍സ് : കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി തെറാപ്പി, ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനിങ്, പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ്.
ഹ്യുമാനിറ്റീസ് : ട്രാവല്‍ ആന്‍ഡ് ടൂറിസം.
ബിസിനസ് ആന്‍ഡ് കൊമേഴ്‌സ് : അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഓഫീസ് സെക്രട്ടറിഷിപ്പ്, ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജ്‌മെന്റ്. 

News from : http://www.mathrubhumi.com/story.php?id=525164

Start typing and press Enter to search