Membership Form

കുറഞ്ഞ ശമ്പളം 17,000 രൂപ, കൂടിയത് 1,20,000, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിച്ചിപ്പിച്ച് ഒന്നാക്കണം: ശമ്പള കമ്മീഷന്‍


അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ.എം മാണിയുടെയും സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. 80 ശതമാനം ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനം ഫിറ്റ്‌മെന്റോടുകൂടിയാണ് പുതിയ ശമ്പളസ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്‌പെഷല്‍ പേ നിര്‍ത്തലാക്കണമെന്ന ശുപാര്‍ശയുണ്ട്. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് സ്‌പെഷല്‍ പേ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പുതിയ സ്‌കെയില്‍ അനുസരിച്ച് കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായിരിക്കും. സമ്പൂര്‍ണ പെന്‍ഷന് കുറഞ്ഞ സര്‍വീസ് 30 വര്‍ഷം എന്നത് 25 വര്‍ഷമായി ചുരുക്കാന്‍ ശുപാര്‍ശയുണ്ട്. 500 രൂപ മുതല്‍ 2400 രൂപവരെയാണ് വാര്‍ഷിക ഇന്‍ക്രിമെന്റ് തുക. വീട്ടുവാടക അലവന്‍സ് 1000 രൂപ മുതല്‍ 3000 രൂപ വരെയാക്കി. കുറഞ്ഞ പെന്‍ഷന്‍ 8500 രൂപയും കൂടിയ പെന്‍ഷന്‍ 60,000 രൂപയുമായിരിക്കും.

27 സ്‌കെയിലുകളും 82 സ്റ്റേജുകളുമാണ് കമ്മീഷന്‍ വിഭാവന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 100 പ്രധാന പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാരുടെ കീഴിലാക്കണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരെ നിയമിക്കാനായി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കാഷ്യല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 5000 രൂപയാക്കും. എച്ച്.ആര്‍.എ പരമാവധി 3000 വരെയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിച്ചിപ്പിച്ച് ഒന്നാക്കണം. ഫാമിലി പെന്‍ഷന്‍, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍ എന്നിവയ്ക്ക് ഡി.എ അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കണം. ഡെപ്യൂട്ട് തഹസില്‍ദാറുടെ ഗ്രേഡിലേക്ക് വില്ലേജ് ഓഫീസമാരെ ഉയര്‍ത്തണം. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും കൂട്ടിച്ചേര്‍ത്ത് ഒന്നാക്കി മാറ്റണം. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 5277 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു.

Start typing and press Enter to search