Membership Form

എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് വിപുലമായ പദ്ധതി ഐ.ടി @ സ്‌കൂള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിനുള്ള പശ്ചാത്തല സംവിധാനം ഒരുക്കുന്നതടക്കമുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ മള്‍ട്ടിമീഡിയ സംവിധാനം ഒരുക്കും. എല്ലാ ക്ലാസും നെറ്റ് വര്‍ക്ക് ചെയ്ത് ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ സജ്ജമാക്കുകയെന്നതാണ് പദ്ധതിയില്‍ പ്രധാനം.

 അടിസ്ഥാന സൗകര്യവികസനം, കേന്ദ്രീകൃതമായ ഉള്ളടക്കം, അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വിഷയവും സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണ അധ്യയനത്തിനൊപ്പം ഐ.ടി. സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തുമ്പോള്‍ അധിക അറിവ് ഉണ്ടാകുന്നതിനും ഉള്ളത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും കുട്ടികളെ സഹായിക്കും.

ഓരോ വിഷയത്തിനുമുള്ള കേന്ദ്രീകൃതമായ ഉള്ളടക്കം നല്‍കും. അധ്യാപകര്‍ക്ക് ഇതില്‍ പരിശീലനം നല്‍കും. കൂടാതെ ഉള്ളടക്ക നിര്‍മ്മിതി കൂടി അധ്യാപകരെ പരിശീലിപ്പിക്കും. അടുത്ത അധ്യയനവര്‍ഷത്തിന് മുമ്പ് അധ്യാപകരുടെ പരിശീലനം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ഈ പദ്ധതി നിലവില്‍ നടന്നുവരുന്നു. നവംബര്‍ ഒന്നിന് ഈ സ്ഥലങ്ങളില്‍ ഹൈടെക്ക് ക്ലാസ് മുറികള്‍ എല്ലാ സ്‌കൂളിലും പൂര്‍ണമായി നിലവില്‍ വരും. ഈ സ്ഥലങ്ങളിലെ വിജയമാണ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ പ്രേരണയായത്.

പ്രൊഫ. ജയശങ്കര്‍ ചെയര്‍മാനും ഐ.ടി @ സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് കണ്‍വീനറുമായ മാസ്റ്റര്‍ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പശ്ചാത്തല സൗകര്യവും മറ്റും ഏര്‍പ്പെടുത്തുന്നതിന് സുരക്ഷിതമായ ക്ലാസ് മുറികള്‍ വേണം. തദ്ദേശസ്ഥാപനങ്ങളാണ് പ്രധാനമായും ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്.

ഓരോ സ്‌കൂളിലും നിലവിലുള്ള സാങ്കേതികസൗകര്യം അറിയാനായി സര്‍വെ നടത്തിയിരുന്നു. അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിനൊപ്പം കുട്ടികളില്‍നിന്ന് സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരെ കൂടി തിരഞ്ഞെടുക്കും.

അവര്‍ക്കും പരിശീലനം നല്‍കും. ഒന്നരലക്ഷം അധ്യാപകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുക. ആദ്യഘട്ടമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറിതലത്തിലാണ് ക്ലാസുകള്‍ ഹൈടെക്കാക്കുന്നത്. തുടര്‍ന്ന് പ്രൈമറി തലത്തിലും നടപ്പാക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്.

ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത്. തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.

No comments:

Post a Comment

Start typing and press Enter to search