നൂറുമേനി വിജയത്തിലെ പതിരുകൾ
പരാജിതരെ ഉത്തേജിപ്പിച്ച് വിജയത്തിലേക്കുള്ള വഴികാട്ടുന്നതാണ് യഥാർഥ വിദ്യാഭ്യാസം. ജയിക്കുന്നവരെ മാത്രം അരിപ്പയിലൂടെ കടത്തി പത്തിലെത്തിച്ച് നൂറുശതമാനം വിജയമെന്നുപറയുന്നതിലെ പൊള്ളത്തരം ചർച്ചചെയ്യപ്പെടാതെ പോകുന്നു.
നൂറുശതമാനം പാസ് നല്ലൊരു പള്ളിക്കൂടത്തിന്റെ മാനദണ്ഡമാക്കുന്നതിൽ പരമ അബദ്ധമുണ്ട്. വിജയപരാജയങ്ങൾ വിദ്യാഭ്യാസത്തിലെ സ്വാഭാവിക പ്രക്രിയയാണ്. അത് വിദ്യാർഥിയുടെ മികവിന്റെ സ്ഥിരമായ അളവുകോലുമല്ല. പരാജിതരെ ഉത്തേജിപ്പിച്ച് വിജയത്തിലേക്കുള്ള വഴികാട്ടുന്നതാണ് യഥാർഥ വിദ്യാഭ്യാസം. ജയിക്കുന്നവരെ മാത്രം അരിപ്പയിലൂടെ കടത്തി പത്തിലെത്തിച്ച് നൂറുശതമാനം വിജയമെന്നുപറയുന്നതിലെ പൊള്ളത്തരം ചർച്ചചെയ്യപ്പെടാതെപോകുന്നു.
ആയിരത്തിയൊരുന്നൂറ്റിയെഴുപത്തിനാല് പള്ളിക്കൂടങ്ങൾ ഈ കൊല്ലം പത്താം ക്ളാസിൽ നൂറുശതമാനം വിജയം കൊയ്തുവെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്? ഇനി മറ്റു ബോർഡുകളുടെ പരീക്ഷാഫലം വരുമ്പോഴും നൂറുമേനി അവകാശപ്പെടുന്ന നിരവധി പള്ളിക്കൂടങ്ങളുണ്ടാകും. അതിലെ പതിരുകൾ കാണാതെ എല്ലാവരും തലകുലുക്കി കൊള്ളാമെന്നുപറയും. പക്ഷേ, ഇതെങ്ങനെയാണ് പലയിടത്തും സംഭവിക്കുന്നതെന്നതിൽ ഗവേഷണം വേണ്ടേ? പത്തിൽ തോറ്റുപോകാനിടയുള്ള കുട്ടികൾക്ക് പരിഹാരക്രിയകളില്ലാതെ നിർബന്ധിത ടി.സി. കൊടുത്ത് പറഞ്ഞുവിടും. പ്രൊമോഷൻ ടി.സി. വാങ്ങി എവിടെയെങ്കിലും പോയിക്കോളൂവെന്നാകും പറച്ചിൽ.
ഇല്ലെങ്കിൽ തോൽപ്പിക്കുമെന്ന ഭീഷണി. മികവ് വർധിപ്പിക്കാനുള്ള സൃഷ്ടിപരമായ ഇടപെടൽ എന്ന ധ്വനിയിലല്ല ഈ വിരട്ടലെന്ന് അനുഭവസ്ഥർ പറയുന്നു. സ്വാഭാവികമായും കുട്ടി മനോവീര്യം തകർന്ന് ഒഴിഞ്ഞുപോയിക്കോളും. ഒൻപതു കൊല്ലവും അതേ സ്കൂളിൽ പഠിച്ചിട്ട് പത്തിന്റെ പടിവാതിലിൽ, ഇതുപോലെയുള്ള പ്രതിസന്ധിഘട്ടത്തിൽ സങ്കടപ്പെട്ടുനിൽക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. വർഷം കളയരുതെന്ന ചിന്തയും കീഴടങ്ങലിനു നിമിത്തമാകുന്നു. വിദ്യാർഥി പാവം മാപ്പുസാക്ഷി.
പഠനവൈകല്യമുള്ളതായോ ബുദ്ധികുറവുള്ളതായോ സാക്ഷ്യപത്രം ഒപ്പിച്ച് അതിന്റെ ആനുകൂല്യംനേടി പാസ്സാകുമെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്നതാണ് മറ്റൊരുരീതി. ചെറിയ ക്ളാസിൽതന്നെ അവരെ കണ്ടെത്തി പരിഹാരവിദ്യാഭ്യാസം ഒന്നും നൽകാതെയാണ് ഈ സാക്ഷ്യപത്ര ആനുകൂല്യത്തിൽ പാസ് ഉറപ്പാക്കുന്നത്. ഈ ഗണത്തിൽപ്പെടാത്തവരും വ്യാജസാക്ഷ്യപത്രം നേടി പള്ളിക്കൂടത്തിന്റെ നൂറുമേനി ഉറപ്പിക്കാറുണ്ടെന്ന് പലരും അടക്കംപറയുന്നു.
കുട്ടികളിൽനിന്ന് പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിഭാഗത്തിന് പ്രത്യേക പരിശീലനം നൽകി ജയിപ്പിച്ചെടുക്കുന്ന നല്ലമാതൃകകൾ കേരളത്തിലുണ്ട്. നൂറുമേനി ലിസ്റ്റിൽ അവരുണ്ടാവില്ല. അവരെക്കാൾ കീർത്തി വളഞ്ഞവഴിയിലൂടെ നൂറുശതമാനം നേടുന്നവർ കൊണ്ടുപോകുന്നു. കുട്ടികളെ ദ്രോഹിച്ച് ഒപ്പിച്ചെടുക്കുന്ന നൂറുമേനിയിലെ പതിരുകൾ തിരിച്ചറിയതേണ്ടതുണ്ട്.
നൂറുശതമാനം വിജയത്തിന്റെ കൊട്ടിഗ്‌ഘോഷം കൂടുമ്പോൾ വിദ്യാർഥിസൗഹൃദമല്ലാത്ത ഇത്തരം ക്രമക്കേടുകളും കൂടും.
തോൽക്കുന്നവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സ്കൂളുകളെ, കുറച്ചു തോൽവിയുണ്ടെങ്കിലും പ്രോത്സാഹിപ്പിക്കാം. അരിപ്പയിലൂടെ ജയിക്കുന്നവരെ മാത്രം കയറ്റിവിട്ട് നൂറുണ്ടേയെന്നു പറയുന്നവരെ അവഗണിക്കാം.
വിദ്യാഭ്യാസവകുപ്പിനും ഇതിൽ ശ്രദ്ധപുലർത്താം. എന്നാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറൂ.
# ഡോ. സി.ജെ. ജോൺ
http://www.mathrubhumi.com
(മാനസികാരോഗ്യവിദഗ്ധനാണ് ലേഖകൻ)
(മാനസികാരോഗ്യവിദഗ്ധനാണ് ലേഖകൻ)