പാഠ്യപദ്ധതിയുടെ കനം കുറയും
മനഃപാഠം വേണ്ട, മനസ്സിലാക്കി പഠിക്കണം എല്ലാം പാഠ്യവിഷയം, പാഠ്യേതരമില്ല ആർട്‌സ്, സയൻസ് വേർതിരിവ് കുറയ്ക്കും
പാഠ്യപദ്ധതിയുടെ (കരിക്കുലം) ഭാരം കുറയ്ക്കണമെന്ന് കരടുവിദ്യാഭ്യാസ നയം. പരീക്ഷണവും ചർച്ചയും വിശകലനവും അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണു വേണ്ടത്. മനഃപാഠമാക്കുന്ന രീതികൊണ്ട് കുട്ടികൾക്കു വിശകലനത്തിനും വിമർശനാത്മക പഠനത്തിനും അവസരം ലഭിക്കുന്നില്ല- ഡോ. കസ്തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ച കരടുനയത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളോട് കൂടുതൽ സംവദിക്കുന്ന രീതിയിലാകണം അധ്യാപനം.
ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ സർഗശേഷി വളർത്തുകയും വേണം. തെളിവ് അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയപഠനരീതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ശാസ്ത്രയിതര വിഷയങ്ങളിലും ഇതുവേണം. യുക്തിസഹവും വിശകലനാത്മകവുമായ ചിന്താരീതികൾ ഉണ്ടാക്കാനാണിത്. പാഠ്യപദ്ധതിയിലുടനീളം സന്മാർഗ മൂല്യങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കണം. ഭാരതരത്ന ലഭിച്ചവർ ഉൾപ്പെടെയുള്ള രാജ്യത്തെ മഹാന്മാരുടെ ദർശനങ്ങളും ഉൾപ്പെടുത്തണം.
ആർട്‌സ്, സയൻസ് കർശന വേർതിരിവു വേണ്ട
പാഠ്യഭാരം കുറയുന്നതോടെ താത്പര്യമുള്ള വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ടാക്കണം. രക്ഷിതാക്കളോ സമൂഹമോ അടിച്ചേൽപ്പിക്കുന്നതാവരുത് കുട്ടികളുടെ താത്പര്യങ്ങൾ. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാൻ കുട്ടികൾക്കു കൂടുതൽ അവസരമുണ്ടാകണം. പ്രത്യേകിച്ചും സെക്കൻഡറി തലത്തിൽ. ഫിസിക്കൽ എജ്യുക്കേഷൻ, ആർട്‌സ്, വൊക്കേഷണൽ വിഷയങ്ങൾ സ്കൂൾപാഠ്യപദ്ധതിയിലുടനീളം ഉൾപ്പെടുത്താൻ ശ്രമിക്കണം. ഓരോപ്രായത്തിലും കുട്ടികൾക്ക് ഏതാണോ താത്പര്യവും സുരക്ഷിതവുമെന്നു നോക്കിയാകണം ഇങ്ങനെ ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തും കർശനമായ വിഷയവേർതിരിവുകൾ വേണ്ട.
പാഠ്യവും പാഠ്യേതരവും തരംതിരിക്കേണ്ട
എല്ലാ വിഷയങ്ങളും പാഠ്യവിഷയങ്ങൾതന്നെയാണ്. പാഠ്യേതരം (എക്സ്ട്രാ കരിക്കുലർ) എന്നൊന്നില്ല. കായികം, യോഗ, നൃത്തം, സംഗീതം, ചിത്രകല, പെയിന്റിങ്, ശില്പനിർമിതി, മരപ്പണി, പൂന്തോട്ടം, ഇലക്ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗംതന്നെയാകണം. ഇതനുസരിച്ച് എൻ.സി.ഇ.ആർ.ടി. സിലബസുണ്ടാക്കണം. സംസ്ഥാന താത്പര്യമനുസരിച്ചു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലുകൾക്ക് (എസ്.സി.ഇ.ആർ.ടി.) അതിൽ ആവശ്യമായ മാറ്റം വരുത്താം.