നൈപുണ്യ കോഴ്‌സിൽ തട്ടി വി.എച്ച്.എസ്.ഇ. പ്രവേശനം വൈകുന്നു
കേരളത്തിൽ നിലവിലുള്ള വൊക്കേഷണൽ കോഴ്‌സ് സംവിധാനത്തിൽനിന്ന് വ്യത്യസ്തമാണ് എൻ.എസ്.ക്യു.എഫ്. രീതി. 2018-19 അധ്യയനവർഷം 66 സ്‌കൂളുകളും 2019-20ൽ 35 വി.എച്ച്.എസ്.ഇ. സ്‌കൂളുകളുമാണ് ഈ ശൈലിയിലേക്ക് സംസ്ഥാന സർക്കാർ മാറ്റിയത്. ഇനിയുള്ള 288 സ്കൂളുകൾകൂടി ഇക്കൊല്ലം മാറ്റുമ്പോൾ വിശദമായ പ്രോസ്‌പെക്ടസ് വേണ്ടിവരും.
സംസ്ഥാനത്ത് തുടർന്നുവന്നിരുന്ന വി.എച്ച്.എസ്.ഇ. കോഴ്‌സിന്റെ ശൈലി ദേശീയതലത്തിൽ 2010-ൽ അവസാനിച്ചതാണ്. ഈ കോഴ്‌സിന് കേന്ദ്രഫണ്ടും നൽകിയിരുന്നു. ഇത് അവസാനിപ്പിച്ചശേഷം നാഷണൽ വൊക്കേഷണൽ എജ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് എന്ന പൈലറ്റ് പ്രോജക്ട് കേന്ദ്രം നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങൾ അതിലേക്ക് മാറിയപ്പോൾ കേരളം മാറിനിന്നു. പിന്നീടാണ് കേന്ദ്രം എൻ.എസ്.ക്യു.എഫ്. പദ്ധതിയുമായി മുന്നോട്ടുവന്നത്.
എൻ.എസ്.ക്യു.എഫ്. പദ്ധതിയിൽ അല്ലാത്ത തൊഴിലധിഷ്ഠിത കോഴ്‌സ് സർട്ടിഫിക്കറ്റിന് രാജ്യത്തും വിദേശത്തും വലിയ മതിപ്പുണ്ടാവില്ല എന്ന തിരിച്ചറിവിലാണ് മാറാനുള്ള തീരുമാനം സർക്കാർ എടുത്തത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എൻ.എസ്.ക്യു.എഫിലേക്ക് മാറാൻ എടുത്ത തീരുമാനം വലിയ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, എൻ.എസ്.ക്യു.എഫ്. നടപ്പാക്കിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കേന്ദ്ര സഹായധനം ലഭിക്കൂ.
news by https://www.mathrubhumi.com/