ശമ്പളപരിഷ്‌കരണത്തിലെ അപാകം: ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധിച്ചു
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു.
ശമ്പളപരിഷ്‌കരണത്തില്‍ ഇടതുസര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാട്ടിയതായി അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യനടപടിയായി ഈ വിവേചനം അവസാനിപ്പിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അനീതിക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദ്, മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സാദിഖ്, എഫ്.എച്ച്.എസ്.ടി.എ. കണ്‍വീനര്‍ പി. വേണുഗോപാല്‍, ട്രഷറര്‍ ഷാജി പാരിപ്പള്ളി, ജോഷി ആന്റണി, സംഘടനാ ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എന്‍.എ. സേവ്യര്‍, മിനികുമാരി, ഷാജു പുത്തൂര്‍, സാബുജി, ഹക്കിം എന്നിവര്‍ സംസാരിച്ചു.
ഹയര്‍സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ ജൂനിയര്‍, സീനിയര്‍ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ തസ്തിക ഉയര്‍ത്തുക, പരിധി നിര്‍ണയത്തിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മ്യൂസിയം ജങ്ഷനില്‍ നിന്നും പ്രകടനമായിട്ടാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.