വി.എച്ച്.എസ്.ഇ.ക്ക് പ്രത്യേകം പ്രിന്‍സിപ്പല്‍മാരെ നിയമിക്കും -മന്ത്രി
സ്‌കൂളുകളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിവിഭാഗത്തിന് പ്രത്യേകം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വി.എച്ച്.എസ്.ഇ. ഉള്ള സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ് ചുമതല. ഇത് പ്രധാനാധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹയര്‍സെക്കന്‍ഡറിവിഭാഗംപോലെ വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നത്.
ഇത്തവണമുതല്‍ ശാസ്ത്രമേളയില്‍ കുട്ടികളുടെ കണ്ടെത്തലുകള്‍, ഉത്പന്നങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ പ്രത്യേകം രേഖകളാക്കി സൂക്ഷിക്കും. അടുത്തവര്‍ഷം അതിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനാകും. മികച്ചവയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കാനും അതുവഴി മിടുക്കരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാനുമാകും.
കോളേജ്‌വിദ്യാഭ്യാസരംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. ശാസ്‌ത്രോത്സവത്തിന്റെ സി.ഡി.കള്‍ മത്സരത്തിനെത്താത്ത സ്‌കൂളുകളിലും കുട്ടികളിലുമെത്തിച്ച് തുടര്‍ന്നുവരുന്ന മേളകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.