ഇന്ന് വായനാദിനം ജൂണ്‍ 19
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പുതുവയില്‍ നാരായണ പണിക്കരുടെ (പി.എന്‍. പണിക്കര്‍) ചരമദിനമാണ് വായനാദിനമായി കേരളത്തില്‍ ആചരിക്കപ്പെടുന്നത് ” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” കുഞ്ഞുണ്ണിമാഷിന്റെ അര്‍ത്ഥവത്തായ ഈ വരികള്‍ വായനയുടെ മഹത്വത്തെ വിളിച്ചോതുന്നു. വെളിച്ചം ഇരുട്ടിനെ അകറ്റുന്നു ..അറിവിന്റെ വെള്ളി വെളിച്ചം മനസ്സില്‍ പ്രകാശിച്ചു നില്‍ക്കാന്‍ വായന അനിവാര്യമാണ്. നല്ല പുസ്തകങ്ങള്‍ വായനക്കാരന്റെ ഗുരുവും,വഴികാട്ടിയും ആണ്. .ജീവിതത്തിലെ സമസ്ത മേഖലയെയും കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ സജ്ജമാക്കുന്നു..വായന നമുക്ക് പുത്തന്‍ അറിവുകളുടെയും,വിജ്ഞാനത്തിന്റെയും വാതായനങ്ങള്‍ തുറന്നു തരുന്നതോടൊപ്പം നല്ല ഒരു സംസ്ക്കാരത്തിന്റെ വാക്താക്കളായി അത് നമ്മളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.കുമാരനാശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ,അയ്യപ്പപണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി തുടങ്ങീ എഴുത്തിനും,വായനക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച എണ്ണിയാലൊടുങ്ങാത്ത മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ മഹാരഥന്മാരെ ഈ വായനാ ദിനത്തില്‍ നമുക്ക് സ്മരിക്കാം.വായന വളരട്ടെ ....വിളങ്ങട്ടെ.