ബംഗാളികളുടെ മലയാളം സ്‌കൂള്‍
ഈ പള്ളിക്കൂടം ഒരു കൊച്ചു ബംഗാളാണ്. മലയും പുഴയും താണ്ടിവന്ന 30 കുട്ടികളുടെ മധുരമനോഹര മനോഞ്ജ ബംഗാള്‍. ബംഗാളിയില്‍ പറഞ്ഞാല്‍ 'എറ്റ അക്ത ബാംഗ്ലാ സ്‌കൂള്‍ ആച്ചെ...' (ഇത് ഒരു ബംഗാളി സ്‌കൂളാണ്). ബംഗാളി ഭാഷ എഴതേണ്ട വിരലുകള്‍കൊണ്ട് ഇവര്‍ മലയാളത്തിന്റെ ഹരിശ്രീ കുറിക്കുന്നു.
അറിവു നേടാന്‍ ഭാഷയുടെ അതിര്‍ത്തികള്‍ പ്രശ്‌നമല്ലെന്നു തെളിയിക്കുകയാണ് പെരുമ്പാവൂര്‍ അല്ലപ്ര കണ്ടതറ യു.പി.സ്‌കൂള്‍. ഭൂരിപക്ഷം ബംഗാളി കുട്ടികള്‍ക്കാണ്. കൃത്യമായി പറഞ്ഞാല്‍ ആകെയുള്ള 50ല്‍ 30 ഉം ബംഗാളി കുട്ടികള്‍. ഇക്കുറി ഒന്നില്‍ ചേര്‍ന്ന ഒമ്പതില്‍ എട്ടു പേരും ബംഗാളികള്‍. അങ്ങനെ 70 വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ടതറ സ്‌കൂള്‍ വംഗനാട്ടിലെ കുട്ടികള്‍ക്ക് ശ്രേഷ്ഠ മലയാളത്തിന്റെ മധുരം പകര്‍ന്ന് ശ്രദ്ധ നേടുകയാണ്.
മറുനാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആയിരത്തോളം ബംഗാളികളുണ്ട്. പട്ടിണിയും ദുരിതവുമാണെങ്കിലും മക്കളെ നാലക്ഷരം പഠിപ്പിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്.
ഒമ്പത് അദ്ധ്യാപകരുള്ള സ്‌കൂളില്‍ ബംഗാളി അറിയുന്നവര്‍ ആരുമില്ല. ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളോട് സംസാരിക്കാനും പാഠങ്ങള്‍ മനസ്സിലാക്കി കൊടുക്കാനും പ്രയാസമാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. അഞ്ചിലും ആറിലും പഠിക്കുന്ന ഇവരുടെ ചേട്ടന്‍മാരും ചേച്ചിമാരും സഹായിക്കണം. കുഞ്ഞനുജന്‍മാര്‍ക്കും അനുജത്തിമാര്‍ക്കും മലയാളത്തിന്റെ മധുരം ഇവര്‍ ബംഗാളി ഭാഷയില്‍ 'ബോല്‍ത്തി' കൊടുക്കും. മിഡ് ടേം കഴിയുന്നതോടെ കുട്ടികള്‍ ഉഷാറാകും. മലയാളത്തില്‍ എഴുതാനും വായിക്കാനും എന്തിന് കവിത ചൊല്ലാനും വരെ ഇവര്‍ തയ്യാര്‍. പലരും മംഗ്ലീഷ് സംസാരിക്കുന്ന മല്ലു വിദ്യാര്‍ത്ഥികളെപ്പോലും മറികടക്കുമെന്ന് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ലളിതമായവയില്‍ നിന്ന് കഠിനതയിലേക്ക് എന്ന തത്ത്വമാണ് അദ്ധ്യാപകര്‍ പ്രയോഗിക്കുന്നത്. മലയാള ശാസ്ത്ര പദങ്ങള്‍ ഗ്രഹിക്കുവാന്‍ കുട്ടികള്‍ക്കു എളുപ്പമല്ല. ഇത് സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ അല്പം ബുദ്ധിമുട്ടുളവാക്കും. ഭൂരിഭാഗം കുട്ടികളും ചിത്രകലയില്‍ താത്പര്യമുള്ളവരാണ്.
ബംഗാളി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരും ചില സംഘടനകളുമാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സ്വന്തം മക്കളെ ഇവരോടൊപ്പം പഠിപ്പിക്കാന്‍ തയ്യാറല്ലാത്ത മലയാളികളുടെ സങ്കുചിത മനോഭാവവും എയ്ഡഡ് സ്‌കൂളുകളുടെ കടന്നുകയറ്റവും ഈ സ്‌കൂളിനു തിരിച്ചടിയാകുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും കുറയുന്നു. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സ്‌കൂള്‍.
മഴക്കാലമായാല്‍ ഇഷ്ടികക്കളങ്ങളിലും മറ്റും ജോലി ചെയ്യുന്ന മറുനാട്ടുകാര്‍ക്ക് പണിയില്ലാതാകും. 5-6 മാസത്തേക്ക് ഇവര്‍ തങ്ങളുടെ നാടുകളിലേക്കു മടങ്ങും. അങ്ങനെ വരുമ്പോള്‍ കുട്ടികളും സ്ഥലം വിടും. കുട്ടികളില്‍ നല്ലൊരു ശതമാനവും കഴിവുള്ളവരാണെങ്കിലും ഇങ്ങനെ ഇടവേള വരുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ധ്യാപകര്‍ പറയുന്നു. അറിവിനൊപ്പം ജീവിതത്തിന്റെ നല്ല പാഠങ്ങളും പകര്‍ന്നു നല്‍കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുന്നുണ്ട്.