Latest News10Answer Key
 Membership Form

ഫോബ്‌സ് കോടീശ്വര പട്ടികയില്‍ ഏഴു മലയാളികള്‍

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ ഏഴു മലയാളികള്‍ സ്ഥാനം പിടിച്ചു. രവി പിള്ള, എം.എ.യൂസഫലി, സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍ , എസ്.ഡി.ഷിബുലാല്‍ , പിഎന്‍സി മേനോന്‍ , ജോയ് ആലുക്കാസ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

ആര്‍പി ഗ്രൂപ്പിന്റേയും ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പിന്റേയും മേധാവിയായ രവി പിള്ളയാണ് ഇത്തവണ മലയാളികളില്‍ മുന്നില്‍ (ഫോബ്‌സ് റാങ്ക് 34). കൊല്ലം സ്വദേശിയായ അദ്ദേഹത്തിന്റെ ആസ്തി 170 കോടി ഡോളറാണ്. അതായത് ഏതാണ്ട് 10,540 കോടി രൂപ. 

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ മേധാവിയായ എം.എ.യൂസഫലിയാണ് രണ്ടാം സ്ഥാനത്ത് (ഫോബ്‌സ് റാങ്ക് 40). തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ ആസ്തി 160 കോടി ഡോളര്‍ (ഏതാണ്ട് 9920 കോടി രൂപ). 

ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ് സണ്ണി വര്‍ക്കി (ഫോബ്‌സ് റാങ്ക് 45). ആസ്തി 140 കോടി ഡോളര്‍ (ഏതാണ്ട് 8680 കോടി രൂപ). 

ഇന്‍ഫോസിസിന്റെ സ്ഥാപകാംഗങ്ങളാണ് ക്രിസ് ഗോപാലകൃഷ്ണനും എസ്.ഡി.ഷിബുലാലും. നിലവില്‍ ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ് ഗോപാലകൃഷ്ണന്‍ (ഫോബ്‌സ് റാങ്ക് 46). 139 കോടി ഡോളറാണ് (ഏതാണ്ട് 8618 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ആലപ്പുഴ സ്വദേശിയായ ഷിബുലാല്‍ നിലവില്‍ ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ് (ഫോബ്‌സ് റാങ്ക് 71). 88.5 കോടി ഡോളറാണ് (5487 കോടി രൂപ) ഷിബുലാലിന്റെ ആസ്തി. 

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ശോഭാ ഗ്രൂപ്പിന്റെ മേധാവിയാണ് പിഎന്‍സി മേനോന്‍ (ഫോബ്‌സ് റാങ്ക് 81). ആസ്തി 76 കോടി ഡോളര്‍ (4712 കോടി രൂപ). 

ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവിയായ ജോയ് ആലുക്കാസാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു മലയാളി (ഫോബ്‌സ് റാങ്ക് 99). 64 കോടി ഡോളര്‍ (3968 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. 

സമ്പത്തില്‍ മുകേഷ് അംബാനി തന്നെ ഒന്നാമന്‍

ഫോബ്‌സിന്റെ ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി തുടര്‍ച്ചയായ ആറാം തവണയും ഒന്നാം സ്ഥാനത്തെത്തി. 2100 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അതായത്, 1.30 ലക്ഷം കോടി രൂപ.

സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത്. 99,200 കോടി രൂപ (1600 കോടി ഡോളര്‍ ) യാണ് ഈ എന്‍ആര്‍ഐ വ്യവസായിയുടെ ആസ്തി. 86,180 കോടി രൂപ(1390 കോടി ഡോളര്‍ )യുടെ ആസ്തിയുമായി സണ്‍ ഫാര്‍മയുടെ ദിലീപ് സാംഗ്വി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

വിപ്രോ മേധാവി അസിം പ്രേംജി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 85,560 കോടി രൂപയാണ് (1380 കോടി ഡോളര്‍ ) അദ്ദേഹത്തിന്റെ ആസ്തി. 

കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ മേധാവിയായ പല്ലോണ്‍ജി മിസ്ത്രിയാണ് അഞ്ചാം സ്ഥാനത്ത്. ആസ്തി 77,500 കോടി രൂപ (1250 കോടി ഡോളര്‍ ). ടാറ്റാ സണ്‍സിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇദ്ദേഹം. ടാറ്റാ സണ്‍സിന്റെ പുതിയ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഇദ്ദേഹത്തിന്റെ മകനാണ്

Start typing and press Enter to search