വി.എച്ച്.എസ്.ഇ. അപേക്ഷാ ഫോം വൈകി; വിതരണം ചെയ്തതു ഫോട്ടോസ്റ്റാറ്റ്
തൃശ്ശൂര്‍: ജൂണ്‍ 10 ന് അപേക്ഷാ തിയ്യതി അവസാനിക്കുന്ന വി.എച്ച്.എസ്.ഇ. കോഴ്‌സുകള്‍ക്കുള്ള ഫോം സ്‌കൂളുകളില്‍ എത്തിയത് ജൂണ്‍ ആറിനുമാത്രം. പകരം ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് ഫോമിന് ഈടാക്കിയത് യഥാര്‍ത്ഥ ഫോമിന്റെ അതേവില. വ്യാഴാഴ്ചവരെ അപേക്ഷാ ഫോം വാങ്ങിയവര്‍ക്കാര്‍ക്കും പ്രോസ്‌പെക്ടസ് ലഭിച്ചതുമില്ല. മിക്കവരും അപേക്ഷിച്ചു കഴിഞ്ഞതിനാല്‍ വൈകി പുറത്തിറക്കിയ ഫോമുകള്‍ ചെലവാകാനും സാധ്യതയില്ല.
തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലേക്കുമാത്രം ആറായിരത്തോളം അപേക്ഷാ ഫോമുകളാണ് രണ്ടുദിവസം മുമ്പെ വന്നത്. ഫോട്ടോസ്റ്റാറ്റ് ഫോമിലും ഓണ്‍ലൈനിലുമായി പതിനായിരത്തോളം കുട്ടികള്‍ ഒറിജിനല്‍ ഫോം വരുന്നതിനുമുമ്പുതന്നെ അപേക്ഷിച്ചു കഴിഞ്ഞുവെന്നാണ് ഏകദേശ കണക്ക്. മറ്റുസ്ഥലങ്ങളിലും സ്ഥിതി ഇങ്ങനെതന്നെ. വൈകിവന്ന ഫോമുകള്‍ ഇനി ആരു വാങ്ങിക്കും എന്നതാണ് ചോദ്യം. എസ്.എസ്.എല്‍.സി. ഫലം വന്ന് അമ്പതു ദിവസത്തിലധികം കഴിഞ്ഞിട്ടും വി.എച്ച് എസ്.ഇ. അധികൃതര്‍ക്ക് സമയത്തിന് അപേക്ഷാ ഫോം അച്ചടിക്കാന്‍പോലും സാധിച്ചിട്ടില്ല. അപേക്ഷാ ഫോമിനും പോസ്‌പെക്റ്റസിനും വിലയായി കണക്കാക്കിയ 25 രൂപയാണ് ഫോട്ടോസ്റ്റാറ്റ് കോപ്പിക്കും വാങ്ങിയത്. ചില സ്‌കൂളുകളില്‍ ഈ തുക അപേക്ഷഫോം വാങ്ങിക്കുമ്പോള്‍തന്നെ ഈടാക്കുന്നു എന്ന പരാതിയുണ്ട്. ചിലയിടത്ത് പൂരിപ്പിച്ചു നല്‍കുമ്പോള്‍ മതി എന്ന വ്യത്യാസം മാത്രം. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ക്കും തകരാറുകള്‍ ഉണ്ട്. പലപ്പോഴും സൈറ്റ് ഹാങ്ങായി അപേക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്.