വിദ്യാഭ്യാസ വായ്പാ പലിശയിളവ്: സമയപരിധി നീട്ടി
ദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് പലിശ കുടിശ്ശിക ഇളവിന് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 30-ലേക്ക് നീട്ടി. ജൂലായ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇക്കാര്യം മാതൃഭൂമി ധനകാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീയതി നീട്ടിയത്. 2009 മാര്‍ച്ച് 31 ന് മുമ്പ് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
വിദ്യാഭ്യാസ വായ്പാ സബ്‌സിഡിക്കായി യു.പി.എ. സര്‍ക്കാറിന്റെ ബജറ്റില്‍ 2,600 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 2009 മാര്‍ച്ച് 31 ന് മുമ്പ് എടുത്ത വായ്പകളില്‍, 2013 ഡിസംബര്‍ 31 വരെയുള്ള പലിശ കുടിശ്ശിക പൂര്‍ണമായും സര്‍ക്കാര്‍ എറ്റെടുക്കും. പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കായി എടുത്ത വായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എല്ലാ സ്രോതസ്സുകളില്‍ നിന്നുമായി കുടുംബത്തിന്റെ മൊത്തം വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കൂടരുതെന്ന് നിബന്ധനയുണ്ട്.
ഇളവിന് അര്‍ഹരായവരെ കണ്ടെത്തി അര്‍ഹതപ്പെട്ട ക്ലെയിം തുകയ്ക്കായി നോഡല്‍ ബാങ്കായ കനറാ ബാങ്കിന് അപേക്ഷ നല്‍കേണ്ടത് അതത് ബാങ്കുകളാണ്. എങ്കിലും അര്‍ഹതപ്പെട്ടവര്‍ സ്വന്തം ബാങ്കിനെ സമീപിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ തുകയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം.