Membership Form

പോളിങ് ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം


തിരഞ്ഞെടുപ്പുജോലിക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ അതിരാവിലെമുതല്‍ പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ ദുരിതപര്‍വംതന്നെയാണ്. തിരഞ്ഞെടുപ്പുകമ്മിഷന്‍ വിചാരിച്ചാല്‍ പോളിങ് ഉദ്യോഗസ്ഥരുടെ പ്രയാസങ്ങളും കഷ്ടപ്പാടുകളും ഒരുപരിധിവരെ ലഘൂകരിക്കാന്‍ സാധിക്കും.

ചില നിര്‍ദേശങ്ങള്‍ ചുവടെ:

1.2 പോളിങ് സ്റ്റേഷനുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കാനും പ്രാഥമികകൃത്യങ്ങള്‍ ചെയ്യാനുമുള്ള അടിസ്ഥാനസൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുക.

2. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം ഭക്ഷണം ലഭ്യമാക്കുക. 'ഇലക്ഷന്‍ അര്‍ജന്റ്' വണ്ടിയില്‍ തലങ്ങനെയും വിലങ്ങനെയും പായുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ സാധിക്കും. ഭക്ഷണത്തിനുള്ള കാശ് തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ പ്രതിഫലത്തില്‍നിന്നീടാക്കാം.

3. വോട്ടെടുപ്പു നടക്കുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ലഘുഭക്ഷണം കഴിക്കുന്നതിനും ഉച്ചഭക്ഷണം കഴിക്കുന്നതിനും ഔദ്യോഗിക ഇടവേളകള്‍ നല്‍കുക.

4. തിരഞ്ഞെടുപ്പു സാധനസാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കുന്ന കേന്ദ്രത്തില്‍ വാഹനസൗകര്യമേര്‍പ്പെടുത്തുക. പലപ്പോഴും അര്‍ധരാത്രിക്കേ അവിടെനിന്ന് തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പുറത്തുകടക്കാന്‍ പറ്റൂ. ഈ സമയത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് വാഹനസൗകര്യമേര്‍പ്പെടുത്തിയാല്‍ ജീവനക്കാര്‍ക്ക് ഏറെ ആശ്വാസമായിരിക്കും.

സമൂഹം ഏറെ പഴിപറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഓരോ പൊതുതിരഞ്ഞെടുപ്പും ക്‌ളിപ്തസമയത്തിനുള്ളില്‍ ആക്ഷേപങ്ങള്‍ക്കിടനല്‍കാതെ വിജയകരമായി നടത്തിപ്പോരുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുജോലിക്കു നിയോഗിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണ്.

Start typing and press Enter to search