Membership Form

പാഠപുസ്തകം നോക്കി പരീക്ഷയെഴുതല്‍: പഠനസമിതി റിപ്പോര്‍ട്ട് ഉടന്‍


കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസബോര്‍ഡുകള്‍ നടത്തുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയ്ക്ക് പുസ്തകം നോക്കി ഉത്തരമെഴുതുന്നത് സംബന്ധിച്ച പഠനസമിതി റിപ്പോര്‍ട്ട് ജനവരി അവസാനം സമര്‍പ്പിക്കും. ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

പഠനം ഓര്‍മശക്തിയെമാത്രം ആശ്രയിച്ചാകാതെ വിശകലനസ്വഭാവം വളര്‍ത്താനായിരിക്കണം എന്ന കാഴ്ചപ്പാടിലാണ് ഇത്തരമൊരു നിര്‍ദേശം. വിവരങ്ങള്‍ ഓര്‍മിക്കുന്നതിലല്ല ഊന്നല്‍നല്‍കേണ്ടത്. ആ വിവരം എങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ്. വിദ്യാര്‍ഥികളുടെ ആശയപരമായ വ്യക്തതയാണ് പരിശോധിക്കേണ്ടത്.

അതിനാണ് പരീക്ഷയ്ക്ക് പുസ്തകം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ 42 വിദ്യാഭ്യാസബോര്‍ഡുകളുടെ യോഗം കഴിഞ്ഞ ഒക്ടോബറില്‍ നടന്നിരുന്നു. മധ്യപ്രദേശ് വിദ്യാഭ്യാസബോര്‍ഡ് പ്രതിനിധി സഞ്ജയ് പത്വയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായി മേഘാലയ സ്‌കൂള്‍ വിദ്യാഭ്യാസബോര്‍ഡ് ചെയര്‍മാന്‍ ഇ.കെ. കര്‍ബി അധ്യക്ഷനായി എട്ടംഗസമിതിയെ ചുമതലപ്പെടുത്തി. സമിതി ജനവരി 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ.യുടെ ഒമ്പതുമുതല്‍ 11 വരെയുള്ള ക്ലാസ്സുകളില്‍ പാഠപുസ്തകം നോക്കി ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുണ്ട്. പൊതുചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ബോര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചോദ്യപേപ്പറുകളില്‍ 30 ശതമാനം എളുപ്പം ഉത്തരമെഴുതാവുന്നത്, 40 ശതമാനം ഇടത്തരം, 30 ശതമാനം കടുപ്പമേറിയത് എന്നിങ്ങനെ ചോദ്യങ്ങളുടെ ഘടന നിശ്ചയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഇതുവഴി വിദ്യാര്‍ഥികളുടെ പഠനശേഷി വിലയിരുത്താനുമാകും. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പൊതുനയം രൂപവത്കരിക്കാനും ആലോചിക്കുന്നുണ്ട്

Start typing and press Enter to search