വിദ്യാഭ്യാസ ഭരണം ഒരു കുടക്കീഴിലാക്കാൻ നീക്കം
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നിവ ഉൾപ്പെടെ ഒന്നു മുതൽ 12 വരെയുള്ള പഠന മേഖലയുടെ ഭരണം ഒരു കുടക്കീഴിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ ജോയിന്റ് ഡയറക്ടർമാർക്കു ഹയർ സെക്കൻഡറിയുടെയും വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെയും ചുമതല നൽകും.
എല്ലാ പരീക്ഷകളുടെയും നടത്തിപ്പും മൂല്യനിർണയവും പരീക്ഷാഭവന്റെ നിയന്ത്രണത്തിലാവും. ഹയർ സെക്കൻഡറി പ്രിൻസിപ്പലിനു സ്കൂളിന്റെ ചുമതല നൽകുമ്പോൾ പ്രഥമാധ്യാപകൻ വൈസ് പ്രിൻസിപ്പലാകും. സ്കൂളും ഹയർ സെക്കൻഡറിയും പോലെ വൊക്കേഷനൽ ഹയർ സെക്കൻഡറിക്കും ശനിയാഴ്ച അവധി നൽകും.
വൊക്കേഷനൽ സ്കൂളുകളിലെ പീരിയഡ് 45 മിനിറ്റാക്കി നിജപ്പെടുത്തിയാണു ശനിയാഴ്ച അവധിയാക്കുന്നത്. വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇപ്പോൾ പീരിയഡ് ഒരു മണിക്കൂറാണ്. വിഎച്ച്എസ്ഇയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിപ്പിക്കുന്നവരെ നോൺ വൊക്കേഷനൽ അധ്യാപകരെന്നാണ് അറിയപ്പെടുന്നത്. ഈ തസ്തികയുടെ പേര് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ എന്നാകും.
ഹയർ സെക്കൻഡറിയുടെ ജില്ലാതല ചുമതല ഡപ്യൂട്ടി ഡയറക്ടർക്കായിരിക്കും. എഇഒ, ഡിഇഒമാർക്കു ഹയർ സെക്കൻഡറിയുടെ ഭരണപരമായ ചുമതല ഉണ്ടാകില്ല. പഠനം, പരീക്ഷ, അധ്യാപകരുടെയും അനധ്യാപകരുടെയും സർവീസ് പ്രശ്നങ്ങൾ എന്നിവ മൂന്നു തലത്തിൽ കൈകാര്യം ചെയ്യുന്നതിൽ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. ഒരേ ആവശ്യത്തിനു ചിലപ്പോൾ മൂന്ന് ഉത്തരവുകൾ വേണ്ടിവരുന്നു.
പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും പലതലത്തിലാണു നടക്കുന്നത്. ഭരണം ഒരു മേൽക്കൂരയിലായാൽ പരീക്ഷ ഷെഡ്യൂളുകൾ മുതൽ സർവീസ് പ്രശ്നങ്ങൾ വരെ ലളിതമായി കൈകാര്യം ചെയ്യാനാകുമെന്നാണു വിലയിരുത്തൽ. കെഎസ്ടിഎ ഉൾപ്പെടെയുള്ള ഇടത് അധ്യാപക സംഘടനകളെല്ലാം പൊതുവിദ്യാഭ്യാസ ഭരണം ഏകീകരിക്കണമെന്നു നേരത്തേ നിലപാടു സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളെ പ്രൈമറിയായും ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളെ അപ്പർ പ്രൈമറിയായും വേർതിരിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെക്കുറിച്ചു വ്യക്തത ഉണ്ടായിട്ടില്ല. പരിഷ്കാരം നടപ്പാകുന്നതോടെ നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻഎസ്ക്യുഎഫ്) വഴി ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിൽ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നിർബന്ധിതമാകും. ഓരോ വിദ്യാർഥിയും ഏതെങ്കിലും ഒരു തൊഴിലിൽ നൈപുണ്യം നേടുന്നത് ഉറപ്പു വരുത്തുന്നതാണു പദ്ധതി.
എൻഎസ്ക്യുഎഫ് വഴി പരിശീലനം നേടാത്ത കുട്ടികൾക്കു 2020 മുതൽ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗങ്ങളിൽ നിയമനം നൽകില്ലെന്നു കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു ജോലി തേടി പോകണമെങ്കിലും ഇതു ബാധകമാകും. സാങ്കേതിക യോഗ്യത വേണ്ട തസ്തികകളിലെ നിയമനം എൻഎസ്ക്യുഎഫ് വഴി തൊഴിൽ പരിശീലനം ലഭിച്ചവർക്കു മാത്രമാക്കണമെന്നു സംസ്ഥാന പിഎസ്‍സികളോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം മാത്രമാണ് ഇതുവരെയും പദ്ധതി നടപ്പാക്കാത്തത്. വൈകിയാൽ കേന്ദ്ര സഹായം നൽകില്ലെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാർ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. എൻഎസ്ക്യുഎഫ് നടപ്പാക്കുന്നതിനു വൊക്കേഷനൽ അധ്യാപകരെയും ഇൻസ്ട്രക്ടർമാരെയും പുനർവിന്യസിക്കേണ്ടിവരും. പുതിയ നിയമനത്തിനു സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണു പുനർവിന്യസിച്ചു പദ്ധതി തുടങ്ങാൻ ആലോചിക്കുന്നത്.