ശാസ്ത്രം ജയിച്ചു, ഇവരും
ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു എന്നത് പഴയ പ്രയോഗം.ന്യൂജെൻ കാലത്ത് ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് വിദ്യാർത്ഥികൾ. കൊച്ചുകണ്ടുപിടിത്തങ്ങളിലൂടെ അവരും ജയിക്കുന്നു... തൃശ്ശൂരിലെ സി.എം.എസ്.എച്ച്.എസ്.എസ്സിൽ തുടങ്ങിയ വൊക്കേഷണൽ എക്സ്പോയിൽ നിന്ന്
ശാസ്ത്രം എന്നും സമ്മാനിക്കുന്നത് അത്ഭുതങ്ങളും കൗതുകങ്ങളുമാണ്. തൃശ്ശൂരിലെ സി.എം.എസ്. എച്ച്.എസ്.എസിൽ തുടങ്ങിയ വൊക്കേഷണൽ എക്സ്പോയിലും കാര്യങ്ങൾ മറിച്ചായില്ല. കൊച്ചു ശാസ്ത്രജ്ഞൻമാരെ അവിടവിടെ കണ്ടു; അവരുടെ കണ്ടുപിടുത്തങ്ങളും. തീർന്നില്ല, വിദ്യാലയങ്ങളിലെ പ്രൊഡക്ഷൻ കം ട്രെയിനിങ് സെന്ററിൽ വിദ്യാർത്ഥികൾ ഉത്‌പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനത്തോടൊപ്പം വിൽപ്പനയും തകൃതി.
ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ 52 സ്‌കൂളുകളിൽനിന്നായി 300 വിദ്യാർത്ഥികൾ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. എൻജിനീയറിങ്, കൃഷി, ബിസിനസ് ആൻഡ് കൊമേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം. വിദ്യാർത്ഥികളിലെ കാര്യക്ഷമതയും പ്രവൃത്തിപരിചയവും കരിക്കുലവും ഒത്തുചേർന്ന നിരവധി സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്.
ഡിജിറ്റൽ വെടിക്കെട്ട്, വിഴിഞ്ഞം തുറമുഖസാധ്യതകൾ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ജൈവവള നിർമ്മാണം തുടങ്ങിയ കണ്ടുപിടിത്തങ്ങൾ ആകർഷകമായി. എക്സ്‌പോ ബുധനാഴ്ച നാലുമണിക്ക് സമാപിക്കും.
എൽ.ഇ.ഡി. കാലം
വൈദ്യുതി ലാഭിക്കാവുന്ന എൽ.ഇ.ഡി. ബൾബുകൾ നിർമ്മിച്ച് വൈദ്യുതി വകുപ്പിന്റെ പ്രശംസ വാങ്ങിയ സ്‌കൂളാണ് അടിമാലി എസ്.എൻ.ഡി.പി. വി.എച്ച്.എസ്.ഇ. കേരളത്തിലെ എല്ലാ സ്‌കൂളുകൾക്കും എൽ.ഇ.ഡി. ബൾബുകൾ നിർമ്മിക്കുന്നതിനുള്ള സ്‌പെയർപാർട്‌സ് നൽകുന്നത് ഇവർ തന്നെ. സ്‌കൂളിലെ പ്രൊഡക്ഷൻ കം ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന എൽ.ഇ.ഡി. ബൾബുകൾക്ക് പൊതുവെ ആവശ്യക്കാരേറെയാണ്. സമീപത്തെ കടകളിലേക്കാവശ്യമായ ബൾബുകളും വിതരണം ചെയ്യുന്നത് സ്‌കൂളിൽനിന്നാണ്. ക്ലാസിലിരുന്ന് പഠിക്കുന്ന സമയത്തും കേടായ എൽ.ഇ.ഡി. ബൾബുകൾ സർവ്വീസ് ചെയ്തുതരണമെന്നാവശ്യപ്പെട്ട് ആളുകളെത്താറുണ്ടെന്ന് വി.എച്ച്.എസ്.ഇ. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥി രാഹുൽ രാജനും ഒന്നാം വർഷ വിദ്യാർത്ഥി ബേസിൽ എൽദോസും പറഞ്ഞു.
സ്‌കൂളിലെ വോക്കോ ടെക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബൾബ് നിർമ്മാണം. കെ.എസ്.ഇ.ബി.യിൽനിന്ന് ലഭിക്കുന്ന എൽ.ഇ.ഡി. ബൾബിനേക്കാൾ വെളിച്ചവും ആയുസ്സും കൂടുതലാണ്. സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുകളിൽ സ്‌കൂളിൽ നിർമ്മിക്കുന്ന ബൾബുകളാണ് ഉപയോഗിക്കുന്നത്. തന്മൂലം കെ.എസ്.ഇ.ബി.ക്ക് വൻ വൈദ്യുതി ലാഭമാണുണ്ടായത്. എൽ.ഇ.ഡി. ബൾബ് നിർമ്മാണം വൻവിജയമായപ്പോഴാണ് വി.ടെക് എൽ.ഇ.ഡി. വേൾഡ് എന്ന യൂണിറ്റ് ആരംഭിക്കുന്നത്. അവിടെ ജോലിക്കാരായി അഞ്ച് പേരുണ്ട്. സ്‌കൂൾ കഴിഞ്ഞ് 4.10 മുതൽ ആറുമണി വരെയുള്ള സമയത്ത് വിദ്യാർത്ഥികൾ തന്നെയാണ് കടയിൽ നിൽക്കുന്നത്.
ഇവിടത്തെ വിദ്യാർത്ഥികൾ 10 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട്. പാലക്കാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും ഇവർ പരിശീലനം നൽകുന്നു. എൽ.ഇ.ഡി. ബൾബുകൾ സർവ്വീസ് ചെയ്തും കൊടുക്കുന്നുണ്ട്.രാജാക്കാട് കരുണാഭവൻ അനാഥാലയത്തിലെ അന്തേവാസികൾക്കും നിർമ്മാണ പരിശീലനം നൽകി. ഫൈബറും മെറ്റലും ഉപയോഗിച്ച് നിർമ്മിക്കുന്ന എൽ.ഇ.ഡി. ബൾബുകൾക്ക് എട്ട് വർഷം വരെ ആയുസ്സുണ്ട്. ഉയർന്ന നിലവാരമുള്ള, കാലാവധിയേറെയുള്ള സീരിയൽ ബൾബുകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ചവിട്ടിയാലും പൊട്ടാത്തത്ര ബലമുണ്ടിതിന്. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനത്ത് ഒന്നാം സമ്മാനം ഈ സ്‌കൂളിനായിരുന്നു. ബൾബ് നിർമ്മാണത്തിൽനിന്ന് ലഭിക്കുന്ന തുക കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
തെരുവുവിളക്ക് ഓഫാക്കാൻ വൈദ്യുതി ഓഫീസിൽ വിളിക്കേണ്ട
തെരുവുവിളക്കുകൾ കത്തിക്കാനും ഉപയോഗശേഷം അണയ്ക്കാനും ആളില്ലാത്തതാണ് വൈദ്യുതിവകുപ്പ് നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇതിനൊരു പരിഹാരവുമായാണ് നങ്കിസിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വിദ്യാർത്ഥികൾ ശാസ്ത്രമേളയ്ക്കെത്തിയത്. ടൈം ബേസ്ഡ് ഓട്ടോമാറ്റിക് സോളാർ ലാംപ് ആണ് അവരുടെ കണ്ടുപിടിത്തം.
സൗരോർജ്ജ പാനൽ ഉപയോഗിച്ച് കത്തിക്കാവുന്ന തെരുവുവിളക്ക് കത്തിക്കാനോ അണയ്ക്കാനോ ആളിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. വിളക്ക് കത്താനുള്ള സമയവും ഓഫാക്കാനുള്ള സമയവും ഇതിൽ സെറ്റ് ചെയ്യാമെന്നതാണ് പ്രത്യേകത. നേരത്തെ ഇരുട്ടാവുന്നതിനനുസരിച്ച് തെരുവുവിളക്ക് കത്തുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. വന്നിട്ടുണ്ട്. പക്ഷേ, അതിൽ നിഴലോ മറ്റോ വന്നുപതിച്ചാൽ തെരുവുവിളക്ക് പകൽ കത്തുന്ന സ്ഥിതി വരുന്നുണ്ട്. വൈദ്യുതിലാഭം തന്നെയാണ് ഏറ്റവും വലിയ ഗുണം. ബാറ്ററിയുടെ വെള്ളം മാറ്റുക മാത്രമാണ് വേണ്ടത്.
കഞ്ഞിക്കുഴിയിലെ സാംസ്‌കാരികനിലയത്തിലും മാനേജ്‌മെന്റിന്റെ കീഴിലുള്ള രണ്ട് ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും നിലവിൽ ഈ തെരുവുവിളക്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് രണ്ടാംവർഷ വിദ്യാർത്ഥികളായ അഭിൻ ബിനോയ്, ബിമൽ എം. ഗിരീഷ് എന്നിവർ പറഞ്ഞു.
ബ്യൂട്ടി സ്പോട്ട്
വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കാനും കൈയിൽ മൈലാഞ്ചിച്ചുവപ്പണിയാനും സുന്ദരിയാകാനുമുള്ള വഴികൾ വൊക്കേഷണൽ ഹയർസെക്കൻഡറി എക്‌സ്‌പോയിലുണ്ട്. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലെ കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി തെറാപ്പിയാണ് ഫാഷൻ ലോകത്തെ പുത്തൻപ്രവണതകൾ പരിചയപ്പെടുത്തുന്നത്.
കെമിക്കലുകളില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും വിദ്യാർഥിനികൾ പരിചയപ്പെടുത്തുന്നുണ്ട്. ഫേസ്‌പാക്ക്, ഹെന്ന പൗഡർ, ഷാംപു എന്നിവയുടെ വിൽപ്പനയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോ കാണാൻ വരുന്നവരുടെ കൈകളിൽ മെഹന്ദി ഡിസൈനുകളും വിദ്യാർഥികൾ വരയ്ക്കുന്നുണ്ട്. കുന്നംകുളം ഗവ. ബധിര വി.എച്ച്.എസ്.ഇ. സ്‌കൂളിലെ വിദ്യാർത്ഥികളും മേളയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങളും വളകളും വിദ്യാർഥികളുടെ സ്റ്റാളിലുണ്ട്. വർണമാലമുത്തുകൾ കോർത്തുള്ള പാത്രങ്ങളും പേപ്പറിൽ നിർമ്മിച്ച പൂക്കളും ഫ്ളവർവേയ്‌സുകളും കളിമണ്ണിൽ നിർമ്മിച്ച ആഭരണങ്ങളും പ്രദർശനത്തിലുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.1500 രൂപ വിലയുള്ള സാരിയുടെ വിൽപ്പന നടന്ന സന്തോഷത്തിലാണ് ഒല്ലൂരിലെ വി.എസ്.എം.എം.ജി.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥികൾ. ഫാഷൻ ഡിസൈൻ വിഭാഗമാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സാരികൾക്ക് പുറമേ ഉടുപ്പുകൾ, കുർത്തകൾ, മാക്‌സികൾ എന്നിവയുടെ വിൽപ്പനയും വിദ്യാർഥികൾ നടത്തുന്നുണ്ട്. പില്ലോകവറുകളും കുടകളും സോപ്പും ഇതോടൊപ്പം വിൽപ്പന നടത്തുന്നുണ്ട്.
തൈകൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ താരങ്ങൾ
ഉണ്ണിയപ്പവും ചമ്മന്തിപ്പൊടിയും അവിലോസ് പൊടിയും വിറ്റുകഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. നാടൻ ചമ്മന്തിപ്പൊടിയും പഴങ്ങളും ലഭിക്കുമെന്ന് കേട്ടതിനാൽ രാവിലെ തന്നെ സ്റ്റാളുകളിൽ നല്ല തിരക്കായിരുന്നു. വിവിധതരം അച്ചാറുകളും വറ്റൽമുളക് ചമ്മന്തിയും പെട്ടെന്നുതന്നെ വിറ്റുപോയി.
രാമവർമ്മപുരം ജി.വി.എച്ച്.എസ്.എസിലെ അഗ്രികോർപ്പ് ഹെൽത്ത് മാനേജ്‌മെന്റ് വിവിധയിനം തൈകളാണ് മേളയിൽ പരിചയപ്പെടുത്തിയത്. നല്ലയിനം തെങ്ങിൻ തൈകൾ മുതൽ വിവിധതരം പനിനീർ ചെടികൾ വരെ കുട്ടികളുടെ സ്റ്റാളിലുണ്ട്. സ്‌കൂളിലെ ഗാർഡനിലാണ് ചെടികളെ പരിപാലിക്കുന്നത്. വിവിധയിനം കുരുമുളകിൻ തൈകൾ, കവുങ്ങിൻ തൈകൾ, നന്ത്യാർവട്ടം, പന എന്നിവയും സ്റ്റാളിൽ വിൽപ്പനയ്ക്കായുണ്ട്.