സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍
- സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം കരട് മാനദണ്ഡമായി
- ഡിസംബര്‍ ആറിന് സംഘടനകളുമായി ചര്‍ച്ച
- മാറ്റം ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം
- പ്രധാന മാനദണ്ഡം സീനിയോറിറ്റി
- നടപടി ഓണ്‍ലൈനില്‍
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാക്കും. സ്‌കൂളുകളില്‍ ക്രമീകരണ സ്ഥലംമാറ്റം ജൂലായ്, ആഗസ്തില്‍ നടക്കും. സീനിയോറിറ്റിയായിരിക്കും സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം.
സര്‍ക്കാര്‍ രൂപംനല്‍കിയ മാനദണ്ഡങ്ങളുടെ കരടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. നിര്‍ദേശങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി ഡിസംബര്‍ ആറിന് ചര്‍ച്ചനടത്തും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും സ്ഥലംമാറ്റനടപടി.
ഇതിനായി ജീവനക്കാരുടെ ഇലക്ട്രോണിക്‌സ് ഡാറ്റാബേസ് തയ്യാറാക്കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് സര്‍ക്കാരിന് ബോധ്യമായാല്‍ അക്കാരണം ചൂണ്ടിക്കാട്ടി അതു ചെയ്യാം.
പ്രധാന നിര്‍ദേശങ്ങള്‍
* പൊതുസ്ഥലംമാറ്റത്തിന് എല്ലാ വര്‍ഷവും മുന്‍ഗണനാ പട്ടിക തയ്യാറാക്കും. അടുത്ത പട്ടിക വരുംവരെ ഇതില്‍നിന്ന് മാത്രമായിരിക്കും മാറ്റം
* ജില്ലയ്ക്കകത്തുള്ള മാറ്റങ്ങള്‍ തീരുമാനിക്കുക വകുപ്പു മേധാവി. ജില്ലാതലത്തിന് താഴെയുള്ള (സ്റ്റേഷന്‍) മാറ്റങ്ങള്‍ ജില്ല, താലൂക്ക് തല ഓഫീസര്‍മാര്‍
* അച്ചടക്കനടപടി, വിജിലന്‍സ് അന്വേഷണം, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ എന്നിവയൊഴികെ മൂന്നു വര്‍ഷമാകാത്ത ജീവനക്കാരെ സാധാരണഗതിയില്‍ സ്ഥലംമാറ്റില്ല
* മൂന്നു വര്‍ഷത്തില്‍ക്കൂടുതല്‍ ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍, വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കില്ല. ചുരുങ്ങിയത് മറ്റു സീറ്റുകളിലേക്കെങ്കിലും മാറ്റും.
* ഓപ്ഷന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റം. ഒരാള്‍ക്ക് മൂന്ന് ഓപ്ഷന്‍ നല്‍കാം
* സ്റ്റേഷന്‍ സീനിയോറിറ്റിയായിരിക്കും മാനദണ്ഡം. ഓപ്ഷനനുസരിച്ച് മാറ്റം കിട്ടുന്നവര്‍ അവിടെ മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്യണം
* ഇങ്ങനെ മാറ്റം കിട്ടിയവര്‍ക്ക് അടുത്തവര്‍ഷം വീണ്ടും അപേക്ഷനല്‍കാം. എന്നാല്‍, ഓപ്പണ്‍ ഒഴിവുകളിലേക്കേ അവരെ പരിഗണിക്കൂ
*ഓപ്ഷന്‍ പ്രകാരമല്ലാത്ത മാറ്റം നിര്‍ബന്ധിത സ്ഥലംമാറ്റമായിരിക്കും. അവയുടെ കാലയളവ് ഒരു വര്‍ഷമാണ്. യഥാര്‍ഥത്തില്‍ ജോലിചെയ്ത ദിവസമേ ഇതിന് കണക്കാക്കൂ
*സ്വന്തം ജില്ലയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വീസ് ഒരേ സ്റ്റേഷന്‍ സര്‍വീസായി പരിഗണിക്കും
* ഓപ്റ്റ് ചെയ്ത ജില്ലയിലേക്കുള്ള മാറ്റത്തിന് അതേ ജില്ലയിലെ എല്ലാ കേഡറിലുമുള്ള സര്‍വീസ് കണക്കിലെടുക്കും
*വനിതാ ജീവനക്കാരെ കഴിയുന്നിടത്തോളം മലയോര ജില്ലകളിലുള്‍പ്പെടെ വിദൂരസ്ഥലങ്ങളില്‍ നിയമിക്കില്ല
* ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അവര്‍ താത്പര്യപ്പെടുന്ന ജില്ലയില്‍ നിയമിക്കണം. അവര്‍ക്ക് പൊതുസ്ഥലംമാറ്റം ഉണ്ടാകില്ല. ആവശ്യമുള്ളപക്ഷം ജില്ലാതലത്തില്‍ നടത്താം
* വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമുള്ള ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ള സ്റ്റേഷനുകളില്‍ നിയമിക്കും
* ഭാര്യക്കും ഭര്‍ത്താവിനും ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിന് കഴിവതും സൗകര്യം ചെയ്യും
സ്ഥലംമാറ്റത്തില്‍ പ്രത്യേക മുന്‍ഗണനയുള്ളവര്‍
പട്ടികജാതി/പട്ടികവര്‍ഗം, അന്ധര്‍, അംഗപരിമിതര്‍, മൂകരും ബധിരരും, മാനസികവെല്ലുവിളി അനുഭവിക്കുന്നവരുടെ മാതാപിതാക്കള്‍, ഓട്ടിസം ബാധിച്ചവരുടെ അച്ഛനമ്മമാര്‍, മൂകരും ബധിരരുമായവരുടെ മാതാപിതാക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യ അഥവാ സ്വാതന്ത്ര്യസമരസേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്രവിവാഹിതരായ ജീവനക്കാര്‍, കുട്ടികളെ ദത്തെടുത്ത ജീവനക്കാര്‍, അംഗീകൃത സര്‍വീസ് സംഘടനകളുടെ പ്രസിഡന്റ് അഥവാ ജനറല്‍ സെക്രട്ടറി, സൈനികസേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍.