പഠനം അടിമുടിമാറും : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം നടന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു
സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം അടിമുടിമാറ്റുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപമായി. അക്കാദമികമാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷവും മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ പുതിയ സമ്പ്രദായത്തിലാവും.
അധ്യാപകകേന്ദ്രീകൃത അധ്യയനത്തിന് പകരം വിദ്യാര്‍ഥികേന്ദ്രീകൃത സമ്പ്രദായമാണ് പരിഷ്‌കരണത്തിന്റെ അടിസ്ഥാനകാഴ്ചപ്പാട്. പാഠ്യപദ്ധതിപരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കും. നിലവിലുള്ള പാഠപുസ്തകങ്ങള്‍ കണ്ണടച്ച് മാറ്റുകയെന്നതിനപ്പുറം വിദ്യാര്‍ഥികേന്ദ്രീകൃതമായി അവയെ പരിഷ്‌കരിക്കും.
ഇതിനായി ചിലപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളിലാകും മാറ്റം.
ഒന്നരലക്ഷം അധ്യാപകര്‍ക്ക് വര്‍ഷം പത്തുദിവസം വീതം പരിശീലനം നല്‍കും. ഐ.ടി.യിലധിഷ്ഠിതമായി അധ്യാപനം നടത്താനുള്ള പരിശീലനത്തിനാണ് മുന്‍തൂക്കം. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഇ-കണ്ടന്റായി വികസിപ്പിക്കും.
ഓരോകുട്ടിയുടെയും കഴിവ് തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമായി ടാലന്റ് ലാബുകളും പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കുംവിധം ജൈവവൈവിധ്യപാര്‍ക്കും സ്‌കൂളുകളില്‍ ഉണ്ടാകും. ഒരു നിയമസഭാമണ്ഡലത്തില്‍ ഒന്നെന്നകണക്കില്‍ കലാ-കായിക-സാംസ്‌കാരികകേന്ദ്രം, നീന്തല്‍ക്കുളം എന്നിവ സ്ഥാപിക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഓട്ടിസം പാര്‍ക്കും വിഭാവനം ചെയ്തിട്ടുണ്ട്. കാമ്പസ് തന്നെ പാഠപുസ്തകമാക്കുകയെന്ന കാഴ്ചപ്പാടാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി 220 ഹയര്‍സെക്കന്‍ഡറിസ്‌കൂളുകളില്‍ രണ്ടുകോടി രൂപവീതവും 640 എല്‍.പി, യു.പി. സ്‌കൂളുകളില്‍ ഒരുകോടി രൂപവീതവും 140 ഹൈസ്‌കൂളുകളില്‍ അഞ്ചുകോടി രൂപവീതവും ചെലവഴിക്കും. 45,000 ക്ലാസുകള്‍ ഹൈട്ടെക്കാക്കാന്‍ ഒരുലക്ഷം രൂപവീതം ചെലവിടും.
27-ന് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രതിജ്ഞ സ്‌കൂള്‍കാമ്പസുകളില്‍ ഐ.എസ്.ഒ. നിലവാരത്തിലുള്ള ഗ്രീന്‍പ്രോട്ടോക്കോള്‍ നിലവില്‍വരുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മാതൃഭൂമിയോട് പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിലക്കും. രക്ഷിതാക്കള്‍ക്കും മാറുന്ന വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് പരിശീലനം നല്‍കും.
27-ന് ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും. അന്ന് ക്ലാസ് നടക്കുമ്പോള്‍ പി.ടി.എ.യും പൂര്‍വവിദ്യാര്‍ഥികളും സ്‌കൂളിന് സമീപത്തുള്ളവരും ചേര്‍ന്ന് പ്രതീകാത്മകമായി സ്‌കൂളിന് സംരക്ഷണവലയം തീര്‍ത്ത് പ്രതിജ്ഞയെടുക്കും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്നും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്നും മദ്യം, മയക്കുമരുന്ന് എന്നിവയില്‍നിന്ന് കുട്ടികളെ രക്ഷിക്കുമെന്നുമായിരിക്കും പ്രതിജ്ഞ.
http://www.mathrubhumi.com/