സ്കൂൾ കലോൽസവം: വിധികർത്താക്കളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം കർശനമാക്കി
സംസ്ഥാന സ്കൂൾ കലോൽസവ വിധികർത്താക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു. ഇത്തവണ വിധികർത്താക്കളായി എത്തുക അക്കാദമിക് യോഗ്യതയുള്ളവർ മാത്രമായിരിക്കും.
ജില്ലാതല മൽസരങ്ങളിൽ വിധികർത്താക്കളായവരെ സംസ്ഥാന തലത്തിൽ പരിഗണിക്കില്ല. തുടർച്ചയായി മൂന്നു കലോൽസവങ്ങളിൽ വിധികർത്താക്കളായവരെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
സർക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും സ്കൂൾ കലോൽസവത്തിന്റെ വിധിനിർണയത്തിനു യോഗ്യരായവരുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കേരള കലാമണ്ഡലം, വിവിധ അക്കാദമികൾ, ഫൈൻ ആർട്സ് കോളജുകൾ, സർവകലാശാലകളിലെ വിവിധ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം അക്കാദമിക് യോഗ്യതയുള്ളവരുടെ പട്ടിക ലഭിച്ചിട്ടുണ്ട്. ഈ പട്ടികയിൽ നിന്നു വിധികർത്താക്കളെ നിർണയിക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിധികർത്താക്കൾ ഇത്തവണ ഉണ്ടാകില്ല. ഭാഷയറിയാത്തവർ വിധിനിർണയത്തിനെത്തുന്നുവെന്ന പരാതികളെത്തുടർന്നാണ് ഈ തീരുമാനം. അതേസമയം, ഹയർ അപ്പീൽ കമ്മിറ്റിയിൽ വിദഗ്ധർ വേണമെന്നതിനാൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെയും പരിഗണിക്കും.
പല ഇനങ്ങളിലും ഒരേ വിധികർത്താക്കൾ തുടർച്ചയായി എത്തുന്നുവെന്നതു കണക്കിലെടുത്താണു തുടർച്ചയായി മൂന്നു കലോൽസവങ്ങളിൽ വിധി നിർണയിച്ചവരെ ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചത്.
ജില്ലാതല മൽസരങ്ങളിൽ വിധി നിർണയിച്ചവർ സംസ്ഥാനതലത്തിനെത്തുന്നത് അതതു ജില്ലക്കാർക്കു പ്രത്യേക പരിഗണന ലഭിക്കാൻ ഇടയാക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് അവരെയും ഒഴിവാക്കുന്നത്. കലോൽസവത്തിലെ 232 ഇനങ്ങളിലായി എഴുന്നൂറോളം വിധികർത്താക്കളാണു വേണ്ടത്.
മൽസര സമയത്തു വിധികർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. അപ്പീൽ കമ്മിറ്റിക്കായി മൽസരങ്ങൾ പകർത്താനുള്ള ചുമതല വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിക്ടേഴ്സ് ചാനലിനാണ്.