ഹയര്‍ സെക്കന്‍ഡറി: മിക്ക സ്‌കൂളിലും ഒരു വിഷയത്തിന് ഒരധ്യാപകന്‍ മാത്രമാകും
വിദ്യാഭ്യാസമേഖലയിലെ മുതല്‍മുടക്ക് നഷ്ടക്കച്ചവടമാണെന്ന കാഴ്ചപ്പാടും ജോലിഭാരം വര്‍ധിപ്പിച്ച് ഖജനാവിന് ലാഭമുണ്ടാക്കാമെന്ന നിര്‍ദേശവും ഇടത് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് വിവിധ അധ്യാപകസംഘടനകൾ
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ തസ്തികനിര്‍ണയത്തിന് ധനവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പായാല്‍, രണ്ട് ബാച്ചുള്ള ഒരു സ്‌കൂളില്‍ ഓരോ വിഷയത്തിനും ഓരോ അധ്യാപകനേ ഉണ്ടാകൂ. നിലവില്‍ 25 പീരിയഡുകള്‍ക്ക് ഒരു സീനിയര്‍ അധ്യാപക തസ്തികയുണ്ട്. അധികമായി മൂന്ന് പീരിയഡ് ഉണ്ടെങ്കില്‍ ഒരു ജൂനിയര്‍ അധ്യാപക തസ്തികയുമുണ്ടാകും.
പുതിയ നിര്‍ദേശമനുസരിച്ച് ആഴ്ചയില്‍ ആദ്യ ഏഴ് പീരിയഡുവരെ ഗസ്റ്റ് അധ്യാപകന്‍മാത്രമേ ഉണ്ടാകൂ. എട്ടുമുതല്‍ 15 വരെയുള്ള പീരിയഡുകള്‍ക്ക് ഒരു ജൂനിയര്‍ അധ്യാപകതസ്തികയുണ്ടാകും. 16-31 വരെ പീരിയഡുകള്‍ക്ക് ഒരു സീനിയര്‍ അധ്യാപക തസ്തികയും 32 മുതല്‍ 45 വരെ പീരിയഡുകള്‍ക്ക് ഒരു സീനിയറും ഒരു ജൂനിയറും അധ്യാപകനുണ്ടാകും.
അധ്യാപകതസ്തിക കണക്കാക്കുന്നതിന് പീരിയഡുകളുടെ എണ്ണത്തില്‍ മാറ്റംവരുത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂളും മാറ്റേണ്ടിവരും. 2002-ലാണ് നിലവിലുള്ള രീതിയില്‍ തസ്തിക കണക്കാക്കുന്നതിനുള്ള സ്‌പെഷ്യല്‍ റൂള്‍ നിലവില്‍വന്നത്.
ധനവകുപ്പ് ഏറെക്കാലമായി നിര്‍ദേശിക്കുന്ന മാനദണ്ഡമാണിത്. സാമ്പത്തികഭാരം കുറയ്ക്കാന്‍ ജോലിഭാരംകൂട്ടി തസ്തിക പരിമിതപ്പെടുത്തണമെന്നാണ് വകുപ്പിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ധനവകുപ്പ് ഇതേ നിലപാട് എടുത്തിരുന്നു.
ധനവകുപ്പിന്റെ നിലപാടിന് രാഷ്ട്രീയതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, ധനവകുപ്പിന്റെ നിര്‍ദേശം കണക്കിലെടുത്തായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.
പുതിയ സ്‌കൂളുകളിലും ബാച്ചുകളിലും അധ്യാപകതസ്തിക അനുവദിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തവണത്തെ ബജറ്റില്‍ പുതിയ സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും തസ്തിക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് ഇത് കണക്കിലെടുത്താണ്.
പീരിയഡുകളുടെ എണ്ണം കൂട്ടിനിശ്ചയിക്കുന്നതോടെ ഭാവിയില്‍ ഇത് പൊതുമാനദണ്ഡമായി മാറുമെന്ന ആശങ്ക നിലവിലുള്ള അധ്യാപകര്‍ക്കുണ്ട്. ഇത് നിലവിലുള്ള അധ്യാപകരും അധികപ്പറ്റാണെന്ന സ്ഥിതിയുണ്ടാക്കും. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ രാഷ്ട്രീയഭേദമെന്യേ അധ്യാപകസംഘടനകള്‍ രംഗത്തുവന്നു.