ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക കുറയ്ക്കല്‍: കണക്കെടുപ്പ് തുടങ്ങി
ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി. ആഴ്ചയില്‍ 32 പീരിയഡ് ഉണ്ടെങ്കിലേ രണ്ട് അധ്യാപക തസ്തിക അനുവദിക്കൂവെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തുടങ്ങിയത്. 31 പീരിയഡുകള്‍വച്ചും അതിലധികം പീരിയഡുകള്‍വെച്ചും എത്ര തസ്തികകള്‍ വരുമെന്നാണ് കണക്കാക്കുന്നത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 249 സ്‌കൂളുകളും 190 ബാച്ചും അധികമായി അനുവദിച്ചിരുന്നു. ഈ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കും അധ്യാപക തസ്തിക അനുവദിച്ചിട്ടില്ല. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ചേ തസ്തിക സൃഷ്ടിക്കാന്‍ കഴിയൂവെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു.
നിലവിലുള്ള മാനദണ്ഡമനുസരിച്ച് കണക്കാക്കിയാല്‍ പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമായി 2500-ല്‍പ്പരം അധ്യാപക തസ്തികകള്‍ വരും. ധനവകുപ്പിന്റെ നിര്‍ദേശം നടപ്പായാല്‍ ആയിരത്തോളം തസ്തികകള്‍ കുറയും. എയ്ഡഡ് സ്‌കൂളുകളില്‍ ജോലിക്ക് കയറിയ അധ്യാപകരില്‍ പലരും പുറത്താകും.
പുതിയ മാനദണ്ഡം നടപ്പാകുമ്പോള്‍ ഹയര്‍ സെക്കന്‍ഡറിമേഖലയില്‍ അധ്യാപകര്‍ അധികമാണെന്ന വ്യാഖ്യാനവും വന്നേക്കാം. 2016 ജൂലായ് 15-ലെ ധനവകുപ്പിന്റെ സര്‍ക്കുലറിലാണ് പീരിയഡുകളുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നത്.
ആദ്യ ഏഴ് പീരിയഡുകള്‍ക്ക് ഗസ്റ്റ് അധ്യാപകന്‍, എട്ട് മുതല്‍ 14 വരെ ഒരു ജൂനിയര്‍ അധ്യാപകന്‍, 15-31 വരെ ഒരു സീനിയര്‍ അധ്യാപകന്‍, 32-45 വരെ ഒരു സീനിയറും ഒരു ജൂനിയറും, 46 -62 വരെ രണ്ട് സീനിയര്‍, 63-76 വരെ രണ്ട് സീനിയറും ഒരു ജൂനിയറും എന്നിങ്ങനെയാണ് ധനവകുപ്പിന്റെ നിര്‍ദേശം.
നിലവില്‍ 15 പീരിയഡിന് ഒരു ജൂനിയര്‍, 15-25 വരെ ഒരു സീനിയര്‍ എന്നിങ്ങനെയാണ് തസ്തിക കണക്കാക്കിയിട്ടുള്ളത്. അധികമായി വരുന്ന മൂന്ന് പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപകനെക്കൂടി ലഭിക്കും. അധ്യാപകരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് ലഭിക്കുന്ന സൂചന
No comments:
Post a Comment