പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചാക്കണം
ജീവൻ കെപി
സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ചര്‍ച്ച സമയമാറ്റത്തെ കുറിച്ചാണ്. 8.30 മുതല്‍ 1.30 വരെ എന്നു ചിലര്‍. അതല്ല 9 മണി മുതല്‍ 3.30 വരെ എന്നു മറ്റു ചിലര്‍. ഇപ്പോഴുള്ളതു പോലെ 10 മണി മുതല്‍ 4 മണി വരെ മതിയെന്നു വേറെ ചിലര്‍.
ആശുപത്രിയിലെ അത്യാഹിത വിഭാഗം പോലെ അല്ലെങ്കില്‍ ചില ചാനലുകളുടെ പരസ്യം പോലെ (24×7 ) രാവിലെ 8.30 മുതല്‍ 4.30 വരെ - തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കുന്ന, വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ VHSE യിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായ ഒരു വിഭാഗം കൂടി ഈ കേരളത്തിലുണ്ട് ( കേരളത്തില്‍ മാത്രം ).
ഹയര്‍ സെക്കന്ററി വിഭാഗത്തിനു തുല്യമായ പാഠഭാഗങ്ങളും സേവനവേതന വ്യവസ്ഥകളും നില നില്‍ക്കുന്ന മേഖലയാണിത്. പക്ഷേ VHSE യെ പാടെ അവഗണിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ബാലാവകാശ കമ്മിഷന്റെ ഉത്തരവിനു പോലും പുല്ലുവില. സര്‍ക്കാര്‍ മാറിയിട്ടും അവഗണയ്ക്കു മാത്രം മാറ്റമില്ല.
ഹയര്‍ സെക്കന്ററി അദ്ധ്യയനം അഞ്ചു ദിവസം ആക്കുന്നതിന്റെ ഭാഗമായി നടന്ന സംഘടനാ ചര്‍ച്ചയില്‍ , കേരളത്തില്‍ സിനിമകള്‍ പരാജയപ്പെടുന്നതിനുള്ള ഒരു കാരണം ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ആറാം പ്രവര്‍ത്തിദിനമാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അന്ന് അത് അതിശയോക്തിയായി തോന്നിയെങ്കിലും , ഇന്ന്, ആറാം പ്രവര്‍ത്തിദിനം ഒഴിവാക്കിയ ശേഷം സിനിമാ മേഖലയിലുണ്ടായ വിജയങ്ങള്‍ ആ അഭിപ്രായത്തെ സാധൂകരിക്കുന്നു.
അതുകൊണ്ട് ഇൗ അധ്യയന വര്‍ഷമെങ്കിലും VHSE വിഭാഗം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ,അവരുടെ സാമൂഹികമായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചാക്കണമെന്നും ഈ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.