Membership Form

കാലിക്കറ്റ് സര്‍വകലാശാല ബിരുദ രജിസ്‌ട്രേഷന്‍ എങ്ങനെ; ഈ വീഡിയോ കാണൂ


തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തിന് ആദ്യം ആപേക്ഷാ ഫോമുകളാണെങ്കില്‍ ഇപ്പോള്‍ സംഗതി മാറി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം വന്നതോടെ പ്രവേശന നടപടികള്‍ വേഗത്തിലായി. എന്നാല്‍, വിദ്യാര്‍ഥികളുടെ സംശയങ്ങളും ആശയകുഴപ്പങ്ങളും ഇതോടൊപ്പം കൂടി വന്നു. ഇത് പരിഹരിക്കാന്‍ വേണ്ടി കാലിക്കറ്റ് സര്‍വകലാശാല ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ബിരുദ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികളും ഈ വീഡിയോ കണ്ടിരിക്കണം. ബിരുദ പ്രവേശനത്തിനുള്ള ഏകജാലക രജിസ്‌ട്രേഷനിലെ തെറ്റുകള്‍ ഒഴിവാക്കാനും സംശയ നിവാരണത്തിനുമായാണ് സര്‍വകലാശാലാ ഹ്രസ്വചിത്രം പുറത്തിറക്കിയത്. കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സര്‍വകലാശാലക്ക് വേണ്ടി ഇ.എം.എം.ആര്‍.സി. (എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍) ആണ് തയ്യാറാക്കിയത്.

ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സംശയങ്ങളുമായി സര്‍വകലാശാലയിലെ പ്രവേശന വിഭാഗത്തിലെത്തുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ നല്‍കുന്ന തരത്തിലാണ് ചിത്രീകരണം. രജിസ്‌ട്രേഷന്‍ മുതല്‍ക്ക് കോളേജില്‍ പ്രവേശനം നേടുന്നതു വരെയുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നുണ്ട്. 



ഏകജാലക രജിസ്‌ട്രേഷന്‍ തുടങ്ങുന്നതിന് മുമ്പേ തന്നെ ഈ വീഡിയോ വിദ്യാര്‍ഥികളിലേക്കെത്തിക്കാനാണ് ശ്രമമെന്ന് പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ സ്വാഭാവിക സംശയങ്ങള്‍ക്കെല്ലാം ചിത്രം കാണുന്നതോടെ പരിഹാരമാകും. അല്ലാത്തവര്‍ക്ക് അതാത് കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാം. എന്നിട്ടും ഉത്തരം കിട്ടാത്തവര്‍ക്ക് സര്‍വകലാശാലാ പ്രവേശന വിഭാഗത്തലേക്ക് ഫോണ്‍ വിളിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ തുടങ്ങുന്നത് മുതല്‍ക്ക് ഫോണ്‍ നമ്പറില്‍ ഉദ്യോഗസ്ഥര്‍ മറുപടിയ്ക്കുണ്ടാവും. (ഫോണ്‍ 0494 2407016, 2407017).


 ഹ്രസ്വചിത്രം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു.

മുന്‍വര്‍ഷങ്ങളിലെല്ലാം രജിസ്‌ട്രേഷന്‍ വിവരങ്ങളിലെ പിശക് മൂലം വിദ്യാര്‍ഥികളും ജീവനക്കാരും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അധ്യയനദിവസങ്ങള്‍ പോലും നഷ്ടപ്പെടുത്തുന്ന ഈ പിശകുകകള്‍ ഒഴിവാക്കാനാണ് വീഡിയോ സംരംഭം. ഇ.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ രാജന്‍ തോമസ്, എസ്. കിരണ്‍ എന്നിവരാണ ചിത്രമൊരുക്കിയത്.
എം. ബാനിഷാണ് ഛായാഗ്രാഹകന്‍. വാട്‌സ് ആപ്പ്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇതിന് പരമാവധി പ്രചാരണം നല്‍കാനാണ് പരിപാടി.
                                    

Start typing and press Enter to search