പ്ലസ് വണ്‍ പ്രവേശനം: ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.
-വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.
-ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
-സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
-ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
-ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയ സ്‌കൂളിനെ സമീപിക്കണംആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.
-അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.For HSE admission:
www.hscap.kerala.gov.in