Membership Form

ഗ്രേസ് മാര്‍ക്ക് ആകെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല മികവു നോക്കി തുടര്‍പഠനത്തിന് വെയ്റ്റേജ്

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടെന്ന് ശുപാര്‍ശ. ഗ്രേസ് മാര്‍ക്കിനുപകരം വിവിധ മേഖലകളിലെ മികവ് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേര്‍ക്കും. ഗ്രേസ് മാര്‍ക്കിന് സമാനമായ വെയ്റ്റേജ് കുട്ടിയുടെ തുടര്‍പഠനത്തിനുള്ള പ്രവേശനത്തിന് നല്‍കും.

എഴുത്തുപരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കില്‍നിന്ന് ഗ്രേസ് മാര്‍ക്ക് വേര്‍പ്പെടുത്തി തുടര്‍പഠനത്തിന് പാഠ്യേതരരംഗത്തെ മികവിന് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. ആകെ മാര്‍ക്കില്‍നിന്ന് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നതോടെ ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ ആരും പരീക്ഷ ജയിക്കുകയോ, ഉയര്‍ന്ന ഗ്രേഡ് നേടുകയോ ചെയ്യില്ല.

ഗ്രേസ് മാര്‍ക്ക് സമ്പ്രദായം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഗാന്ധിഗ്രാം റൂറല്‍ സര്‍വകലാശാലയിലെ പ്രൊഫ. സുധീറിന്റെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവില്‍ 29 ഇനങ്ങള്‍ക്കാണ് ഗ്രേസ് മാര്‍ക്കക്ക് നല്‍കുന്നത്.
പാഠ്യേതര പ്രവര്‍ത്തനത്തിലെ മികവിന് അംഗീകാരംവേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് ആകെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഗ്രേസ് മാര്‍ക്കിനായിമാത്രം ഏതെങ്കിലും ഇനങ്ങളില്‍ ചേര്‍ന്ന് നേട്ടമുണ്ടാക്കും. വിഷയം പഠിച്ച് മുന്‍പന്തിയില്‍ എത്തുന്നവരെ ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ മറ്റുള്ളവര്‍ പിന്തള്ളുന്നതാണ് മറ്റൊരു പ്രശ്‌നം.

മറ്റ് സംസ്ഥാനങ്ങളിലൊക്കെ പാഠ്യേതര മേഖലയിലുള്ള കുട്ടിയുടെ മികവും നേട്ടവും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേര്‍ക്കുകയാണ് പതിവ്. ദേശീയ തലത്തില്‍ കേരളത്തില്‍നിന്നുള്ള കുട്ടികളുടെ മാര്‍ക്ക് ചോദ്യം ചെയ്യപ്പെടുന്ന അനുഭവങ്ങളുമുണ്ടായി. കേരളത്തില്‍ ഉദാരമായി ഗ്രേസ് മാര്‍ക്ക് നല്‍കുന്നെന്നും അത് ആകെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് പ്രധാന വിമര്‍ശനം.
എ പ്ലസുകാരില്‍ പകുതിയും ഗ്രേസ് മാര്‍ക്കുകാര്‍ 

എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ ഇക്കൊല്ലം 20,967 പേരാണ്. ഇവരില്‍ 10,000-ത്തിലേറെപ്പേര്‍ക്കും ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ 1200/1200 മാര്‍ക്ക് കിട്ടിയ കുട്ടികളിലും നല്ലൊരു പങ്കിനും ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ത്തപ്പോഴാണ് ഈ നേട്ടം. ഗ്രേസ് മാര്‍ക്ക് കിട്ടിയവരുടെ കൃത്യമായ എണ്ണം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

Start typing and press Enter to search