Membership Form

പിഎച്ച്.ഡി. വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

തിനൊന്നാം ക്ലാസ് മുതല്‍ ഡോക്ടറല്‍തലം വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ (NTSE) ആദ്യഘട്ടം നവംബര്‍ അഞ്ച് ഞായറാഴ്ച നടക്കും. യോഗ്യതനേടുന്നവര്‍ക്കുള്ള രണ്ടാംഘട്ട പരീക്ഷ എന്‍.സി.ഇ.ആര്‍.ടി. 2018 മെയ് 13 നും നടത്തും.

ആകെ 1000 സ്‌കോളര്‍ഷിപ്പാണ് ഓരോവര്‍ഷവും നല്‍കുക. 11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

യോഗ്യത: കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്‌കൂളിലോ കേന്ദ്രീയ/നവോദയ വിദ്യാലയത്തിലോ 201718 ല്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരിക്കണം. ഓപ്പണ്‍ ഡിസ്റ്റന്‍ഡ് ലേണിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതാന്‍ പോകുന്ന 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. 201617ല്‍ ഒമ്പതാം ക്‌ളാസിലെ യോഗ്യതാ പരീക്ഷയില്‍ ഭാഷേതര വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

പരീക്ഷ

സംസ്ഥാനതല പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. 9 മുതല്‍ 10.30 വരെയുള്ള ആദ്യഭാഗത്ത് സോഷ്യല്‍സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നും 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. 11.30 മുതല്‍ ഒന്ന് വരെ നടത്തുന്ന രണ്ടാംഭാഗത്ത് 45 മിനിറ്റു വീതം ദൈര്‍ഘ്യമുള്ള രണ്ട് ഉപവിഭാഗങ്ങളായ മെന്റല്‍ എബിലിറ്റി ടെസ്റ്റും ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍ ടെസ്റ്റും ഉണ്ടാകും.

ഓരോന്നിലും 50 വീതം ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍. ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍ ടെസ്റ്റില്‍ മലയാളത്തിലും ഇംഗ്ലീഷിലും 50 വീതം ചോദ്യങ്ങള്‍. ഇതിലേതെങ്കിലുമൊരു വിഷയം വിദ്യാര്‍ഥി തിരഞ്ഞെടുക്കണം. കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് ലാംഗ്വേജ് കോപ്രിഹെന്‍ഷന്‍ ടെസ്റ്റില്‍ നേടണം. എന്നാല്‍ ഇതിന്റെ മാര്‍ക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല.

സംസ്ഥനതല പരീക്ഷയില്‍ യോഗ്യതനേടാന്‍ ഓരോ പേപ്പറിലും ജനറല്‍ വിഭാഗക്കാര്‍ 40 ശതമാനവും പി.എച്ച്, പട്ടികജാതി വിഭാഗക്കാര്‍ 32 ശതമാനവും മാര്‍ക്ക് നേടണം. പി.എച്ച് വിഭാഗക്കാര്‍ക്ക് പരീക്ഷ എഴുതാന്‍ ഓരോ ഭാഗത്തിനും 30 മിനിട്ട് കൂടുതലായി ലഭിക്കും. ഒമ്പതാം ക്ലാസിലെ മുഴുവന്‍ പാഠഭാഗങ്ങളെയും പത്തിലെ ആദ്യ രണ്ടുടേമുകളിലെ പാഠഭാഗങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഈ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളാനാവശ്യമായ താഴ്ന്ന ക്ലാസുകളിലെ ചില ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ www.scert.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 250 രൂപ. എസ്.സി/എസ്ടി./ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് 100 രൂപ. ഇത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ അടക്കാം. അപേക്ഷ ഓണ്‍ലൈനായി www.scert.kerala.gov.in എന്ന വെബ്‌സൈറ്റിലെ എന്‍.ടി.എസ്.ഇ. ലിങ്ക് വഴി നല്‍കാം. ഫീസടച്ച് ഓണ്‍ലൈന്‍ അപേക്ഷനല്‍കാന്‍ 2017 സെപ്റ്റംബര്‍ 15 വരെ സൗകര്യമുണ്ട്. പ്രിന്റ് ഔട്ട് എടുത്തശേഷം അതില്‍ സ്ഥാപന മേധാവിയുടെ ഒപ്പും സീലും വാങ്ങി വിദ്യാര്‍ഥി ഒപ്പിട്ട് നിര്‍ദിഷ്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 25ന് ലഭിക്കത്തക്കവിധം അയയ്ക്കണം. വിലാസം:  The Liaison Officer, the state leval NTS Examination SCERT, Poojappura, Thiruvananthapuram695012. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക

Start typing and press Enter to search