11-ാം ശമ്പള കമ്മിഷൻ ഉടൻ; തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ 2 മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. കമ്മിഷൻ അധ്യക്ഷനെയും 2 അംഗങ്ങളെയും കണ്ടെത്താനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചു. പത്താം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശകൾ പ്രാബല്യത്തിലായിട്ട് ഇൗ മാസം 30ന് 5 വർഷം തികയുകയാണ്. 10 വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിച്ചാൽ മതിയെന്നു കഴിഞ്ഞ കമ്മിഷൻ ശുപാർശ ചെയ്തിരുന്നെങ്കിലും 5 വർഷത്തിലൊരിക്കൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പ്രഖ്യാപിച്ചിരുന്നു. ഇൗ സാമ്പത്തിക വർഷം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റിലും പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി കൂടി കണക്കിലെടുത്താണ് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെ ഉടൻ ശമ്പള പരിഷ്കരണ കമ്മിഷനെ നിയോഗിക്കാൻ ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടങ്ങളിൽ ബിജെപിയും പോസ്റ്റൽ വോട്ടിൽ ലീഡ് നേടിയത് ജീവനക്കാർക്കിടയിലെ അസംതൃപ്തിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
6 മാസത്തിനുള്ളിൽ 6 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും അടുത്ത വർഷം ഒക്ടോബറിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പും വരുന്നുമുണ്ട്. പങ്കാളിത്ത പെൻഷന്റെ പുനഃപരിശോധന ഇഴഞ്ഞുനീങ്ങുന്നതും സാലറി ചാലഞ്ചു വഴിയുള്ള പിരിവും സർക്കാർ ജീവനക്കാർക്കിടയിൽ സൃഷ്ടിച്ചിട്ടുള്ള അതൃപ്തിയെ മറികടക്കുകയെന്ന ഉദ്ദേശ്യവും പുതിയ നീക്കത്തിനു പിന്നിലുണ്ട്.
ഒൻപതാം കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കി 5 വർഷം തികയുന്നതിന് 7 മാസം മുൻപു തന്നെ യുഡിഎഫ് സർക്കാർ പത്താം കമ്മിഷനു രൂപം നൽകിയിരുന്നു. ഭരണം വിടുംമുൻപ് ശുപാർശകൾ നടപ്പാക്കുകയും ചെയ്തു. ഇപ്പോൾ കമ്മിഷൻ രൂപീകരിച്ചാൽ ഓഫിസ് സജ്ജമാക്കൽ, പരിഗണനാ വിഷയങ്ങൾ തയാറാക്കൽ, ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളും മറ്റുമായുള്ള ചർച്ചകൾ, ഇതര സംസ്ഥാനങ്ങൾ സന്ദർശിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു വർഷത്തിലേറെയെടുക്കും. ഇതിനായി കമ്മിഷന്റെ കാലാവധി നീട്ടിനൽകേണ്ടിയും വരും. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി 2 വർഷമാണു ബാക്കി. അതിനു മുൻപ് ശുപാർശകൾ നടപ്പാക്കുകയാണു ലക്ഷ്യം. പതിവുപോലെ ഇതിന്റെ സാമ്പത്തിക ഭാരമേറെയും അടുത്ത സർക്കാർ ചുമക്കേണ്ടി വരും.