എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ
ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം
എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്‌ച പൂർത്തിയാകും. ജൂൺ അവസാന വാരത്തിൽ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം. മൂല്യനിർണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാൻ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, മൂല്യനിർണയം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയായിരുന്നു.
ടാബുലേഷനും മാർക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു.
മേയ് 30 നു ശേഷമാണ് രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചതു തന്നെ. ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നും കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുമുള്ള അധ്യാപകർക്ക് മൂല്യനിർണയത്തിനു എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു വെല്ലുവിളിയായി. എന്നാൽ, ബദൽ ക്രമീകരണങ്ങൾ ഒരുക്കി എത്രയും പെട്ടന്ന് ഫലം പ്രസിദ്ധീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് സാധാരണനിലയിലുള്ള അധ്യയനം ജൂലൈ മാസത്തോടെ മാത്രമേ ആരംഭിക്കൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്‌കൂളുകൾ സാധാരണ രീതിയിൽ തുറക്കൂ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അധ്യയനം ആരംഭിച്ചിരുന്നു.