പാഞ്ഞാള്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ഒരു മുറിയില്‍ 62 അധ്യാപകര്‍
വടക്കാഞ്ചേരി: പാഞ്ഞാള്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായുള്ള ചെറിയ മുറിയില്‍ 62 അധ്യാപകര്‍.
അറുപത്തിരണ്ട് പേര്‍ക്കും ഒന്നിച്ചിരിക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ ഉച്ചയൂണിന് ഷിഫ്റ്റ് സമ്പ്രദായമാണ്. അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികളുടെ കാര്യവും സ്ഥലപരിമിതി കാരണം പ്രശ്‌നമാണ്. പഴയ കെ.ഇ.ആര്‍. പ്രകാരം നിര്‍മിച്ച ചെറിയ ക്ലാസ്മുറിയില്‍ 68 വിദ്യാര്‍ഥികള്‍ വരെ തിങ്ങി ഞെരുങ്ങിയിരുന്നാണ് പഠനം. ഹയര്‍ സെക്കന്‍ഡറി വന്നതോടെ എട്ട് ക്ലാസ് മുറിയുള്ള കെട്ടിടം നിര്‍മിച്ചു. പണി പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും ഇവിടെ ക്ലാസ് നടക്കുന്നുണ്ട്.
എസ്.എസ്.എല്‍.സി. വിജയശതമാനം നൂറിലെത്തിയതോടെ പ്രവേശനം തേടിയെത്തുന്നവരുടെ തിരക്ക് ഏറി. ഇത്തവണ ജനവരി 5ന് പ്രവേശനം പൂര്‍ത്തിയാക്കി. ക്ലാസ്മുറികള്‍ വേണ്ടത്ര ഇല്ലെന്നതാണ് ഏക പ്രശ്‌നം. കഴിഞ്ഞദിവസം പാഞ്ഞാള്‍ സ്‌കൂളിലെത്തിയ പി.കെ. ബിജു എം.പി. നേരത്തെ കമ്പ്യൂട്ടര്‍ ലാബിന് അനുവദിച്ച 10 ലക്ഷത്തിന് പുറമെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയുമോ എന്ന കാര്യം പരിഗണിക്കുമെന്ന് സ്‌കൂള്‍ പിടിഎയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.