[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

ഓണശേഷം തുറക്കുന്നത് പഴയ വിദ്യാലയമല്ലെന്നോര്‍മ വേണം.



 "ആറാട്ടുപുഴ ഗവ.യു.പി.സ്കൂൾ മുഴുവനും ചെളി കൊണ്ടു നിറഞ്ഞിരിക്കുന്നു 'എന്തു ചെയ്യുമെന്നറിയില്ല' എല്ലാം നഷ്ടപ്പെട്ട് വിവിധ വീടുകളുടെ ടെറസുകളിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥ. എന്റെ കുട്ടികളെ ജീവിതത്തിലേക്കും പഠനാന്തരീക്ഷത്തിലേക്കും തിരികെ കൊണ്ടുവരാൻ ഏവരുടേയും സഹായ ഹസ്തങ്ങൾ അവർക്കു നേരേ നീട്ടണേ..."
(HM വാട്സ് ആപ്പ് ഗ്രൂപ്പില്‍ )

ഇതേ പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്നഭരിതമാണ് വിദ്യാലയങ്ങള്‍. അധ്യാപകരുടെ മനസ് വേദനപ്പെടുന്നു.നാം പ്രളയാനന്തരകാലത്തെ വിദ്യാലയപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. ചില കാര്യങ്ങള്‍  പരിഗണനയ്കായി അവതരിപ്പിക്കുന്നു. കൂട്ടിച്ചേര്‍ക്കാം.

1. നമ്മുടെ കുഞ്ഞുങ്ങള്‍

പേമാരി. മലവെളളപ്പാച്ചില്‍, മഹാപ്രളയം, ഉരുള്‍പൊട്ടല്‍, എല്ലാ സങ്കല്പങ്ങളെയും കശക്കിയെറിഞ്ഞ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭത്തിന് സാക്ഷ്യം വഹിച്ച നമ്മുടെ കുട്ടികള്‍ ഓണം കഴിഞ്ഞ് സ്കൂളിലേക്ക് വരും. അവരില്‍ പലരും അതീവ ദുഖഭാരമുളളവരായിരിക്കും. അവര്‍ വന്ന ശേഷം കാര്യങ്ങള്‍ നേരെയാക്കാം എന്നായിരിക്കും അധ്യാപകരില്‍ പലരും കരുതുന്നത്. പോര. ഉടന്‍ അവരുമായി ബന്ധപ്പെടണം. ആരെയാണ് ഫോണ്‍ വിളിക്കേണ്ടത്? ആരെയാണ് നേരി‍ല്‍ കാണേണ്ടത് എന്ന് അധ്യാപകര്‍ ആലോചിക്കണം. പലതരം പ്രശ്നങ്ങളില്‍പ്പെട്ട് വാടിപ്പോയവരാണ്. പ്രശ്നസ്വഭാവത്തിന്റെയടിസ്ഥാനത്തില്‍ പല വിഭാഗത്തിലായി കുട്ടികളെ തരം തിരിക്കണം.


പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍

ഇവര്‍ സുരക്ഷിതരാണോ? പ്രളയം അവരെ വീണ്ടും കഷ്ടത്തിലാക്കിയോ? എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഇവര്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണ്ടത് നമ്മള്‍ അധ്യാപകരാണല്ലോ?

ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടിയ കുട്ടികള്‍

ഇത്തരം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ജീവിതത്തിന്റെ വേറൊരു മുഖം കണ്ടവരാണ്. നാടിന്റെ നന്മമനസിന്റെ സ്പര്‍ശനം ലഭിച്ചവരാണ്. ഏറെ ദിവസം വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ കഴിഞ്ഞവരാണ്. അവര്‍ക്ക് മനക്കരുത്ത് വേണ്ടത്രയുണ്ടാകണമെന്നില്ല. പഠിക്കാന്‍ സമര്‍ഥരും കൂടുതല്‍ പഠനപിന്തുണ ആവശ്യമുളളവരും ഇക്കൂട്ടത്തില്‍ കണ്ടേക്കാം. നല്ലപിളള ഗ്രൂപ്പില്‍ പെടാത്തവരും കണ്ടേക്കാം. പക്ഷേ ഇവര്‍ കൂടുതല്‍ കരുതലും സ്നേഹവും ആവശ്യപ്പെടുന്നു. അവരെ ഓരോരുത്തരെയും വിളിക്കണം. സംസാരിക്കണം. വിദ്യാലയത്തെ ഇവര്‍ക്കു വേണ്ടി ഒരുക്കിയെടുക്കണം

പ്രകൃതിക്ഷോഭം കാരണം അംഗങ്ങള്‍ മരണപ്പെടുകയോ പരിക്കുകകള്‍ സംഭവിക്കുകയോ ചെയ്ത വീട്ടിലെ കുട്ടികള്‍ 

ദുഖം പെയ്തൊഴിയാത്തവരാകും അവര്‍. അനിശ്ചിതത്വവും നിരാശയും അവരുടെ മനസില്‍ വിങ്ങിനില്‍പ്പുണ്ടാകും. നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കണം. പ്രത്യാശയുടെ ലോകത്തേക്ക് നയിക്കണം. ഉപദേശമല്ല, സ്നേഹാനുഭവമാണ് അവര്‍ക്ക് വേണ്ടത്. ഈ വീട്ടുകാര്‍ക്ക് വേറെയും നഷ്ടങ്ങളുണ്ടായിക്കാണും. നിത്യേന ഈ കുട്ടികള്‍ വിദ്യാലയത്തിന്റെ സ്നേഹപരിചരണങ്ങളും പിന്തുണയും ലഭിക്കുന്നവരാകണം. അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട കടമ വിദ്യാലയത്തിനുണ്ട്. അകാലത്തില്‍ മരിച്ചവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി കഠിനപ്രയത്നം നടത്താന്‍ വിദ്യാലയം മനസര്‍പ്പിക്കുക തന്നെ വേണം. ഇവര്‍ക്കായി സ്നേഹത്തിന്റെ പാഠ്യപദ്ധതിയാണ് വിനിമയം ചെയ്യപ്പെടേണ്ടത്.

പ്രകൃതിക്ഷോഭം കാരണം യൂണിഫോം, വസ്ത്രം, പഠനോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍


Photo manorama



ഇത്തരം കുട്ടികളുടെ കണക്കെടുക്കണം. ഓണം കഴിഞ്ഞ് പുതുവസ്ത്രം പോയിട്ട് സ്കൂളില്‍ നിന്നും നല്‍കിയ യൂണിഫോം പോലും ഇല്ലാത്തവര്‍ ഉണ്ടാകും. പുഴയുടെ സംഹാരപ്പാച്ചിലില്‍ ചെളിയില്‍ കുഴഞ്ഞ് വീണ്ടെടുക്കാനാവാത്ത വിധം വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. അത്തരം കുട്ടികള്‍ക്ക് പുതുവസ്ത്രം ഇരുചെവിയറിയാതെ വീട്ടിലെത്തിച്ചു നല്‍കണം. പൊതുചടങ്ങ് നടത്തി വസ്ത്രവിതരണം നടത്തി ഫോട്ടോ എടുക്കുന്ന അല്പത്തം കാട്ടരുത്. ഒന്നോ രണ്ടോ മാസത്തേക്ക് സ്കൂള്‍ യൂണിഫോം നിര്‍ബന്ധിക്കാതിരിക്കുന്നതുകൊണ്ട് ഒത്തിരി ആശ്വാസം ഈ വിഭാഗം കുട്ടികള്‍ക്ക് ലഭിക്കും. പുതിയ യൂണിഫോം സര്‍ക്കാരില്‍ നിന്നും ലഭിക്കും വരെയെങ്കിലും ബദല്‍ രീതികള്‍ വേണ്ടിവരും

പാഠപുസ്തകം നനഞ്ഞ് പിഞ്ചിപ്പോയിട്ടുണ്ടാകും. അത് വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നു പ്രതീക്ഷിക്കാം. അതു ലഭ്യമാകുന്നതുവരെ ഫോട്ടോ കോപ്പിയായിട്ടാണെങ്കിലും പാഠങ്ങള്‍ നല്‍കാന്‍ ക്രമീകരണം വേണം.

നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ക്ലാസില്‍ പത്തോ അമ്പതോ നോട്ട് ബുക്കുകളും പേനകളും പെന്‍സിലുകളും ഇൻ്‍സ്ട്രമെന്റല്‍ ബോക്സുകളുമെല്ലാം പൊതു സംവിധാനമായി വെക്കാം. ആവശ്യാനുസരണം കുട്ടികള്‍ ഉപയോഗിക്കട്ടെ. അതിനായി പി ടി എ വിഭവസമാഹരണം നടത്തണം.

പ്രകൃതിക്ഷോഭം കാരണം വീട് നഷ്ടപ്പെട്ട കുട്ടികള്‍

വീടു പണിത് കൊടുക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതര പ്രസ്ഥാനങ്ങളും മുന്നോട്ടു വരും. അതിനുളള മുന്‍കൊയെടുക്കലില്‍ വിദ്യാലയം കൈത്താങ്ങ് നല്‍കണം. ഇത്തരം കുട്ടികള്‍ താല്‍ക്കാലിക സംവിധാനങ്ങളായിരിക്കും ഉപയോഗിക്കുക. അവര്‍ക്ക് വേണ്ടവണ്ണം തുടര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള അന്തരീക്ഷം ലഭിക്കണമെന്നില്ല. വിദ്യാലയത്തില്‍ത്തന്നെ ക്രമീകരണം വേണം.


മറ്റുതരത്തിലുളള പ്രകൃതിക്ഷോഭനാശനഷ്ടം സംഭവിച്ച വീട്ടിലെ കുട്ടികള്‍

എന്താണ് ഇവരുടെ പ്രശ്നമെന്നു മനസിലാക്കണം. അതനുസരിച്ചുളള പരിഗണനയും പിന്തുണയും ഉണ്ടാകണം. ഉരുള്‍പൊട്ടലും മറ്റും കണ്ട് ഭയന്നു പോയവരുണ്ടാകും. മരണത്തെ മുഖാമുഖം കണ്ടവരുണ്ടാകും. കൗണ്‍സലിംഗ് ആവശ്യമുളളവര്‍ കണ്ടേക്കാം. എല്ലാം നമ്മുടെ അജണ്ടയാകണം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കുട്ടികള്‍ ചിലപാഠങ്ങള്‍ പഠിക്കുകയാണ്. എങ്ങനെയാണ് ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പെരുമാറേണ്ടതെന്ന് അധ്യാപകര്‍ കാണിച്ചുകൊടുക്കുകയാണ്.

വിദഗ്ധരുടെ സേവനം ആവശ്യമെങ്കില്‍ ലഭ്യമാക്കണം

ഒരേ സംഭവം ഒരേ പോലെയല്ല എല്ലാ കുട്ടികളെയും ബാധിക്കുക. അതിനാല്‍ തീവ്രദുരന്താനുഭവത്തിന് ഇരയായ കുട്ടികളുടെ പെരുമാറ്റങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണവിധേയമാക്കണം.

  • ഉറക്കമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ടോ?
  • പെട്ടെന്ന് പതിവില്ലാത്ത വിധം ദേഷ്യപ്പെടുന്നുണ്ടോ?
  • വേറിട്ട രീതിയില്‍ പെരുമാറുന്നുണ്ടോ?
  • തലവേദന , വയറുവേദന,ശരീരവേദന എന്നിവ ഉണ്ടെന്നു പറയുകയും പരിശോധനയില്‍ അത്തരം രോഗങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യല്‍
  • ഉറക്കത്തില്‍ ഞെട്ടിയുണരുന്നുണ്ടോ?
  • നിരാശ പ്രകടിപ്പിക്കുന്നുണ്ടോ?
  • തന്നെയും ലോകത്തെയും പഴിക്കുന്നുണ്ടോ?
  • ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്നുണ്ടോ?
  • കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ വിട്ടുപോകുന്നുണ്ടോ?
  • സ്കൂളില്‍ പോകാന്‍ ഉന്മേഷക്കുറവ് കാണിക്കുന്നുണ്ടോ?
  • ഭയപ്പെടുന്നതായി തോന്നുന്നുണ്ടോ?
  • ഏകാകിയായി കഴിയാനിഷ്ടപ്പെടുന്നുണ്ടോ?
ഇത്തരംപ്രതികരണ സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ശാസിക്കുന്നതുകൊണ്ട് പ്രയോജനമില്ല. മനശാസ്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള വിദഗ്ധരുടെ സേവനം തേടുകയാണ് വേണ്ടത്.

2. രക്ഷിതാക്കളെയും ശക്തരാക്കണം

Photo Times of India

രക്ഷിതാക്കളില്‍ ചിലരെങ്കിലും മനോധൈര്യം കുറഞ്ഞവരായിരിക്കും. അവര്‍ കരഞ്ഞും പിഴിഞ്ഞും വീട്ടിലെ അന്തരീക്ഷം പ്രളയാനുഭവത്തില്‍ത്തന്നെ തളച്ചിടും. ഇത് കുട്ടിയെ ബാധിക്കും. കുട്ടിയുടെ ഓര്‍മയില്‍ ദുരന്താനുഭവം സജീവമായി നിലനില്‍ക്കും. കുട്ടിയുടെ പഠനത്തെ പ്രതീകൂലമായി ബാധിക്കുക മാത്രമല്ല മാനസീകാരോഗ്യത്തെയും ബാധിക്കും. രക്ഷിതാക്കളായ ഗര്‍ഭിണികളുടെ കാര്യവും പ്രധാനമാണ്. അവര്‍ വിഷാദത്തെക്കൂടി ഗര്‍ഭം ധരിക്കുന്ന അവസ്ഥയുണ്ടായിക്കൂടാ. ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെപ്പോലും ഇത് ബാധിക്കും. അതിനാല്‍ രക്ഷിതാക്കളെ പ്രത്യാശയുളളവരാക്കി മാറ്റണം. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജാവമാക്കണം. ക്ലാസ് പി ടി എ കൂടി ചില പരിപാടികള്‍ ആസൂത്രണം ചെയ്യണം. കുട്ടിയുടെ വീടന്തരീക്ഷം പഠനോന്മുഖമാക്കുന്നതിനുളള കര്‍മപരിപാടികളും വേണം. കുട്ടിയുടെ മനസിനെ കരുത്തുളളതാക്കിത്തീര്‍ക്കുക എന്നതും ലക്ഷ്യമാക്കണം. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ വീഡിയോ ദൃശ്യങ്ങളും ചാനല്‍ക്കാഴ്ചകളും വീണ്ടും കുട്ടികള്‍ കാണുന്നത് പരമാവധി കുറയ്കണം. എന്നാല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ദുരന്ത നിവാരണ രീതികളും ചര്‍ച്ച ചെയ്യാം. പോസിറ്റീവായ ചര്‍ച്ചകള്‍ അനുവദിക്കാം. മത്സ്യത്തൊഴിലാളികള്‍, പട്ടാളക്കാര്‍, യുവജനങ്ങള്‍, നാനാജാതിമതസ്ഥരായ മനുഷ്യര്‍ എന്നിവരെല്ലാം ഒറ്റമനസോടെ നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ പ്രകീര്‍ത്തിക്കാം. ജീവിതം മറ്റുളളവര്‍ക്കു വേണ്ടിക്കൂടിയാണെന്ന സന്ദേശം നല്‍കാം.

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ വിദ്യാഭ്യാസ പരിപാടി


  • ജലശുദ്ധീകരണം
  • ജലജന്യ രോഗങ്ങള്‍
  • ജന്തു ജന്യരോഗങ്ങള്‍, രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയിലൂന്നിയാകട്ടെ ആരോഗ്യ വിദ്യാഭ്യാസ പരിപാടി. ഇതിനായി വിദഗ്ധരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം.

3. ഭൗതികാന്തരീക്ഷം 

3.1 സ്കൂള്‍ കെട്ടിടം


നോക്കൂ , വയനാട്ടിലെ ഈ സ്കൂള്‍ ആകെ തകര്‍ന്നു പോയിരിക്കുന്നു. ഇതേ പോലെ നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാകും

  • പൂര്‍ണമായി തകര്‍ന്നവ
  • മേല്‍ക്കൂര തകര്‍ന്നവ
  • ഭിത്തി വിണ്ടു കീറിയവ
  • ചില ക്ലാസ് മുറികള്‍ മാത്രം നാമാവിശേഷമായവ
  • വെളളത്തില്‍ മുങ്ങി ചുമരുകള്‍ നനഞ്ഞു കുതിര്‍ന്ന് തനിയെ നിലം പൊത്താന്‍ സാധ്യതയുളള പഴയ കെട്ടിടങ്ങള്‍
  • അടിത്തറയിളകിപ്പോയവ
  • അപകടകരമാം വിധം മുറ്റം ഇടിഞ്ഞു പോയവ
ഒരേ വളപ്പില്‍ത്തന്നെ പല കാലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ കാണും. അവയ്കെല്ലാം ഒരേ പോലെയാകില്ല സുരക്ഷാ പ്രശ്നങ്ങള്‍. അതിനാല്‍ ഓരോ കെട്ടിടത്തെയും പ്രത്യേകം പരിഗണിച്ച് ഇടപെടല്‍ മേഖല തീരുമാനിക്കുകയാകും ഉചിതം
പ്രളയത്തില്‍ മുങ്ങി നനഞ്ഞു കുതിര്‍ന്നിട്ടുളള  വിദ്യാലയങ്ങളുടെ ചുമരുകളുടെ നനവ് മാറിയെന്നുറപ്പുവരുത്തണം. മണ്ണ്, സാധാരണ കട്ട എന്നിവയാണ് ചുമരിന്റെ നിര്‍മാണത്തിനുപയോഗിച്ചതെങ്കില്‍ പ്രത്യേകിച്ചും. നനവ് ബലക്ഷയം , വൈദ്യുതി പ്രവാഹം മൂലമുളള ഷോക്കടിക്കല്‍ എന്നിവയ്ക് കാരണമാകാം. സൂക്ഷ്മ നിരീക്ഷണം ആവശ്യം.
  • ചുമരിന്റെ ചായവോ ചരിവോ സംഭവിച്ചിട്ടുണ്ടോ?
  • മേല്‍ക്കൂരയുടെ ( കോണ്‍ക്രീറ്റ് ) കമ്പികള്‍ തുരുമ്പെടുത്തിട്ടുണ്ടോ?
  •  കെട്ടിടത്തിന്റെ മൂലകള്‍ ഏങ്കോണിച്ചിട്ടുണ്ടോ?
  • കഴുക്കോലുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടുണ്ടോ?
  • ചിതലുകള്‍ നനഞ്ഞു കുതിര്‍ന്ന കഴുക്കോലുകളെ ആക്രമിക്കാന്‍ തുടങ്ങിയോ?
  • . ഇങ്ങനെ കെട്ടിടങ്ങളെ തരം തിരിക്കാം.
  • ഒരു കുഴപ്പവും ഇല്ലാത്തവ (പച്ച സിഗ്നൽ),
  • അത്യാവശ്യം റിപ്പയർ നടത്തി ക്ലാസ് ആരംഭിക്കാവുന്നവ (ഓറഞ്ച് സിഗ്നൽ)
  • സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്നൽ)

ഓരോ വിഭാഗത്തിലുമുളളവ എത്രയെന്ന് ഓരോ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്ക് ശേഖരിക്കണം. ഏകദേശം എത്ര രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും. പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്,എസ് എസ് എ, ആര്‍ എം എസ് എ പ്രോജക്ടുകള്‍, ദുരിതാശ്വാസ നിധി എന്നിവ ഉപയോഗിച്ച് അവ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം. അതുവരെ കുട്ടികള്‍ക്ക് പഠിക്കാന്‍ താല്കാലിക സംവിധാനം ഏര്‍പ്പെടുത്തണം.

കിണറുകള്‍, ശുദ്ധജല ലഭ്യത, വെളളക്കെട്ട്

കിണറുകള്‍ക്ക് പലതരത്തിലുളള പ്രശ്നങ്ങളാകും
  • മലിന ജലം നിറഞ്ഞ് ഉപയോഗ ശൂന്യമായവ
  • ഇ‍ടിഞ്ഞു പോയവ
  • ജലം വറ്റിപ്പോയവ
  • ചുറ്റുമതില്‍ തകര്‍ന്നവ
ഇതിന്റെയും അറ്റകുറ്റപ്പണി ആലോചിക്കണം. സാമ്പത്തികം കണക്കാക്കണം. വിദ്യാലയ വികസനസമിതി എത്രയും വേഗം ഇത്തരം പ്രദേശത്ത് കൂടണം. കാത്തിരിക്കാന്‍ പറ്റില്ല. വെളളം പൂര്‍ണമായും വറ്റിക്കേണ്ട സ്ഥലങ്ങളില്‍ അതു ചെയ്ത് വെളളം ശുദ്ധീകരിച്ചതിന് ശേഷമേ ഉപയോഗിക്കാവൂ. അതുവരെ ജലസംഭരണികളില്‍ സമീപത്തു നിന്നും വെളളം നിറച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്യേണ്ടി വരും.

  • കിണര്‍ ക്ലോറിനേഷന്‍ നിര്‍ബന്ധം.

  • രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന വെളളക്കെട്ട് അടുത്തുണ്ടാകാം. ജന്തുജന്യ രോഗസാധ്യത കണക്കിലെടുക്കണം. അതിനാല്‍ വെളളക്കെട്ടില്‍ ഇറങ്ങാതെ നോക്കണം. പ്രത്യേകിച്ചും മുറിവുളളവര്‍. എലിപ്പനി എലികളില്‍ കൂടി മാത്രമല്ല പകരുന്നെതന്നോര്‍മവേണം.

  • ശൗചാലങ്ങള്‍ കവിഞ്ഞൊഴുകി മലിനമായിട്ടുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിക്കണം. പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാന്‍ തിളപ്പിച്ചാറിയ ജലമേ വിദ്യാലയത്തിലും വീട്ടിലും ഉപയോഗിക്കുന്നുളളുവെന്ന് ഉറപ്പു വരുത്തണം.

  • കൊതുക് നിവാരണം.ഡങ്കി, ചിക്കന്‍ഗുനിയ, വെസ്റ്റ് നൈല്‍പനി തുടങ്ങിയവ പകര്‍ത്തുന്ന ഈഡിസ് കൊതുകകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ അവസരം ഉണ്ടാകുന്ന സാഹചര്യമാണ് വിദ്യാലയ പരിസരത്തുളള വെളളക്കെട്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി നിര്‍മിച്ച ചെറുജലാശയം, പൂച്ചട്ടികള്‍, ഓടകള്‍ തുടങ്ങിയവ. കെട്ടിക്കിടക്കുന്ന വെളളം പൊട്ടിയൊഴുകാനും നീക്കം ചെയ്യാനും ശ്രദ്ധ വേണം. കൊതുകുനശീകരണ പ്രവര്‍ത്തനവും അജണ്ടയില്‍ വരണം

  • പാമ്പ്, പഴുതാര, തേള്‍ തുടങ്ങിയ ജീവികള്‍ അഭയം തേടി വിദ്യാലയത്തിലെ എവിടെയും ഒളിച്ചിരിക്കാം. ബഞ്ച്, ‍ഡസ്ക്, മേശ, കസേര , ബോര്‍ഡ്, കലണ്ടര്‍ തുടങ്ങി എല്ലാ സാധനസാമഗ്രികളും ഇക്കാര്യം മനസില്‍ വെച്ച് പരിശോധിക്കണം.  
താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളില്‍ കണ്ണുപതിയണം. ഓരോരുത്തര്‍ക്കും പരിശോധനച്ചുമതല നല്‍കണം.
  • രസതന്ത്ര പരീക്ഷണശാല,
  • ഗ്യാസ്
  • വിറകുപുര
  • കളിസ്ഥലം
  • മൂത്രപ്പുര
  • ശൗചാലയം
  • ചെടിച്ചട്ടികള്‍
  • പാത്രങ്ങള്‍
  • വെളളക്കെട്ടുളള സ്ഥലങ്ങള്‍
  • പച്ചക്കറിത്തോട്ടം
  • കമ്പ്യൂട്ടര്‍ റൂം
ഹൈടെക്ക് സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവയ്ക് നാശനഷ്ടം വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും ഇനം തിരിച്ച് ശേഖരിച്ച് ബന്ധപ്പെട്ട ഏജന്‍സിയെ അറിയിക്കണം.

ഉപകരണങ്ങൾ പരിശോധന നടത്തി

  • ഉപയോഗ ശൂന്യമായത്,
  • റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്നത്
  • കുഴപ്പമില്ലാത്തത് എന്നിങ്ങനെ തരം തിരിക്കണം.
ഐ ടി @ സ്കൂള്‍ പ്രവര്‍ത്തകരെ അറിയിച്ച് ബദല്‍ ക്രമീകരണം നടത്തണം. പ്രൈമറി തലത്തില്‍ വിവരശേഖരണം നടത്തുമ്പോള്‍ നേരത്തെ കേടായവയെ പ്രളയത്തിന്റെ ചുമലില്‍ കയറ്റി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. യഥാര്‍ഥ വസ്തുതയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വകുപ്പില്‍ നിന്നും അവശ്യപ്പെട്ടിട്ട് കൊടുക്കാം എന്ന് വിചാരിക്കണ്ടതില്ല. വിദ്യാലയത്തിനാണ് ആവശ്യം. ഗ്യാരന്റി കാലാവധി സംബന്ധിച്ച് അന്വേഷണവും നടത്തണം..

4.1. അക്കാദമികാന്തരീക്ഷം

ഉല്ലാസത്തിലേക്ക് കുട്ടികളുടെ മനസിനെകൊണ്ടു വരാന്‍ കഴിയണം. പാട്ടും കഥകളും അഭിനയവും എല്ലാം കൂടി അത്യാഹ്ലാദം പകരണം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. ക്ലാസ് പാര്‍ലമെന്റ് സജ്ജമാക്കണം. ചുമതലകള്‍ നല്‍കണം. കായിക മത്സരങ്ങള്‍ അവഗണിക്കരുത്. ഓണാനന്തര ആഘോഷമായി കണ്ടാല്‍ മതി. പാഠഭാഗങ്ങള്‍ തീരാനുണ്ടെന്നത് ശരിയാണ്. പക്ഷേ മനസൊരുക്കം അതിലും പ്രധാനമാണ്. ക്ലാസ് ലൈബ്രറി സജീവമാക്കണം. ജീവിതവിജയം വരിച്ചവരുടെ ആത്മകഥകള്‍ പങ്കിടാം. ക്ലാസ് തല പരീക്ഷണമേളകള്‍ സംഘടിപ്പിക്കാം. സ്കൂള്‍ തലത്തില്‍ ശില്പശാലകളും ആകാം.

4.2 പരീക്ഷ

ഓണപ്പരീക്ഷ നടത്തിയിട്ടില്ല. അത് വലിയ സംഭവമായി കുട്ടികളുടെ മുമ്പാകെ അവതരിപ്പിക്കേണ്ടതില്ല. പരീക്ഷ അതത് ക്ലാസ് അധ്യാപകര്‍ നടത്തിയാല്‍ മതി. പൊതു ടൈം ടേബിളൊന്നും വേണ്ടതില്ല. അവധിയായതിനാല്‍ ഈ വര്‍ഷം ഇങ്ങനെയാണ് പരീക്ഷ എന്ന് കുട്ടികളോടും രക്ഷിതാക്കളോടും പറയണം. എല്ലാ പരീക്ഷയും ഒരാഴ്ചയില്‍ വരാതെ നോക്കാവുന്നതാണ്. ഒരു പിരീഡ് പരീക്ഷയെക്കുറിച്ചും അലോചിക്കാം. സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ അനുയോജ്യമായി കൂട്ടിച്ചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍, ഭേദഗതി വരുത്തല്‍ എന്നിവ ഏതൊരു അധ്യാപികയ്കും നടത്താവുന്നതേയുളളൂ. സെപ്തംബര്‍ പകുതിയാകുമ്പോഴേക്കും എല്ലാ വിഷയങ്ങളുടെയും പരീക്ഷ വിദ്യാര്‍ഥിസൗഹൃദപരമായി നടത്താവുന്നതേയുളളൂ. പഠനനേട്ടം എത്രമാത്രം ആര്‍ജിച്ചു എന്നറിയാനാണ് പരീക്ഷ .കുട്ടികളില്‍ പേമാരിസൃഷ്ടിച്ച ആഘാതം കാരണം അവര്‍ക്ക് മനസ് കേന്ദ്രീകരിക്കാന്‍ പ്രയാസം വരാം. അതെല്ലാം കണക്കിലെടുക്കണം.

4.3 രണ്ടാം ടേം പാഠഭാഗം

"സമയം കിട്ടില്ല. ഒത്തിരി പഠിക്കാനുണ്ട്" എന്ന രീതിയില്‍ അവര്‍ത്തിച്ചു പറഞ്ഞ് കുട്ടികളില്‍ സമ്മര്‍ദമുണ്ടാക്കരുത്. എക്സ്ട്രാ ക്ലാസ് വെച്ച് എല്ലാ പാഠഭാഗങ്ങളും തീര്‍ക്കും. പേടിക്കാനില്ല എന്നേ പറയാവൂ. കുട്ടികളുമായി ആലോചിച്ച് അതിനുളള സമയ ക്രമീകരണം നടത്തുകയും വേണം.  
  • ചില പഠനനേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടാകും. അവ ഒഴിവാക്കാം. 
  •  പഠനപ്രവര്‍ത്തനങ്ങള്‍ പ്രക്രിയാപരമായി ചുരുക്കി അവതരിപ്പിക്കാം.  
  • വളരെ പ്രസക്തമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. 
  • എല്ലാ പാഠഭാഗങ്ങളും പരിഗണിച്ച് പ്രസക്തമായ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്യുന്ന രീതിയില്‍ കരിക്കുലം അനുരൂപീകരിക്കാനാകണം.  
  • സ്വയം പഠനസംഘങ്ങള്‍ രൂപീകരിക്കുന്നതും ഗുണം ചെയ്യും
  •  വിദ്യാലയത്തിന് പുതിയ ഈയര്‍പ്ലാന്‍ വേണ്ടിവരും.

5. ആദരിക്കാനും മറക്കേണ്ട

കേരളത്തെ സഹായിച്ച സുമനസുകള്‍ ഏറെയാണ്.

  • മത്സ്യത്തൊഴിലാളികള്‍
  • പട്ടാളക്കാര്‍
  • ചെറുപ്പക്കാര്‍
  • ടിപ്പര്‍ ലോറിക്കാര്‍
  • ആഹോരാത്രം പ്രയത്നിച്ച രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍
  • ആരോഗ്യ പ്രവര്‍ത്തകര്‍
സമഗ്രശിക്ഷാ അഭിയാന്‍ പ്രവര്‍ത്തകര്‍ അവരും സജീവമായി വിദ്യാലയങ്ങളെ സഹായിക്കാനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

  • ബി ആര്‍ സി പരിശീലകര്‍
  • സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍
  • ഐ ഇ ഡി സി റിസോഴ്സ് അധ്യാപകര്‍
എല്ലാവരും കൂടി 100മുതല്‍ 250 വരെ ഓരോ ജില്ലയിലും ആളുകളുണ്ടാകും, വിദ്യാലയശുചീകരണത്തില്‍, ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍
പഠനോപകരണസമാഹരണത്തില്‍, എല്ലാം അവര്‍  സഹായഹസ്തവുമായി എത്തണം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സന്നദ്ധ പ്രവര്‍ത്തകരായി മാറണം.അതിനായി  വിവരശേഖരണം നടത്താവുന്നതുമാണ്

ഓണം കഴിഞ്ഞ് വിദ്യാലയം തുറക്കുമ്പോള്‍ അഭിമുഖീകരിക്കാവുന്ന പ്രശ്നങ്ങളെ മുന്നില്‍ കണ്ട് മുന്‍കൂട്ടിപ്രവര്‍ത്തിക്കാം. 

ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും അനുസ്മരണദിനങ്ങളെ സമര്‍പ്പിത സന്നദ്ധസേവന ദിനങ്ങളാക്കി മാറ്റാം.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search