ലോക്ഡൗണ്‍കാലത്ത് മൂല്യനിര്‍ണയക്യാമ്പ്: ആശങ്കയുമായി അധ്യാപകര്‍
അടുത്ത വിദ്യാഭ്യാസവര്‍ഷം ജൂണില്‍ തുടങ്ങാന്‍ സാധിക്കില്ലെന്നുറപ്പായിരിക്കെ ലോക്ഡൗണ്‍ പിന്‍വലിക്കുംമുമ്പേ മൂല്യനിര്‍ണയക്യാമ്പ് നടത്തുന്നതിന്റെ ആവശ്യമാണ് ചോദ്യംചെയ്യപ്പെടുന്നത്
ലോക്ഡൗണ്‍ അവസാനിക്കുന്നതിനുമുമ്പേ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയക്യാമ്പ് തുടങ്ങുന്നതില്‍ അധ്യാപകര്‍ക്ക് ആശങ്ക. ബുധനാഴ്ച മുതലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പൊതുഗതാഗതസംവിധാനം ഇല്ലാത്ത ഘട്ടത്തില്‍ ക്യാമ്പുകളിലെത്തുവാന്‍ പ്രയാസമുണ്ടെന്ന് ഒട്ടേറെ അധ്യാപകര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് ഭീഷണിയില്‍നിന്നു മുക്തിനേടാത്ത സാഹചര്യത്തില്‍ തിരക്കിട്ട് മൂല്യനിര്‍ണയക്യാമ്പ് നടത്തുന്നതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്രീകൃതമൂല്യനിര്‍ണയത്തിനുപകരം അധ്യാപകരുടെ വീടുകളില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുകയാണ് സി.ബി.എസ്.ഇ. ചെയ്തത്.
അടുത്ത വിദ്യാഭ്യാസവര്‍ഷം ജൂണില്‍ തുടങ്ങാന്‍ സാധിക്കില്ലെന്നുറപ്പായിരിക്കെ ലോക്ഡൗണ്‍ പിന്‍വലിക്കുംമുമ്പേ മൂല്യനിര്‍ണയക്യാമ്പ് നടത്തുന്നതിന്റെ ആവശ്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം ലോക്ഡൗണ്‍ പിന്‍വലിച്ചശേഷമേ നടക്കുന്നുള്ളൂ എന്നിരിക്കെയാണ് പ്ലസ്ടുവിന് ഈ തിടുക്കം.
പൊതുഗതാഗതസംവിധാനമില്ലാത്തതിനാല്‍ സ്വന്തം വാഹനമില്ലാത്തവര്‍ക്ക് എത്താനാവാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണംകൂടുന്ന സാഹചര്യവും ആശങ്കയുണ്ടാക്കുന്നു.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവര്‍ മുഴുവന്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശമെങ്കിലും അതു വകവെക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്നവരുണ്ട്. അതുവഴി രോഗവ്യാപനസാധ്യത ഉണ്ടാകുമെന്നും ആശങ്കയുണ്ട്.