Membership Form

സംരംഭം തുടങ്ങാൻ 95% വരെ വായ്പ; 35% വരെ സബ്സിഡി

സംരംഭകര്‍ക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ  വായ്പാ പദ്ധതികളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം
ലക്ഷം വരെ വായ്പ, 35% സബ്സിഡി



പുതിയ സംരംഭം തുടങ്ങാൻ മുടക്കു മുതലിന്റെ 95% വരെ വായ്പ ലഭിക്കും. അതിൽ 35% വരെ കേന്ദ്ര സബ്സിഡിയാണ്. ബാക്കി തിരിച്ചടച്ചാൽ മതി. പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി) പ്രകാരം ലഭിക്കുന്ന ആനുകൂല്യമാണിത്. ഒറ്റയ്ക്കോ കൂട്ടായോ സംരംഭം തുടങ്ങാം. വരുമാനപരിധി ബാധകമല്ല. നിർമാണ യൂണിറ്റിന് 25 ലക്ഷം വരെയും സേവനയൂണിറ്റിനു 10 ലക്ഷം രൂപ വരെയുമാണ് കിട്ടുക. ഗ്രാമങ്ങളിൽ ഖാദി കമ്മിഷനും നഗരപ്രദേശത്തു ജില്ലാ വ്യവസായകേന്ദ്രവും വഴിയാണു പദ്ധതി.
18 കഴിഞ്ഞവർക്കു കിട്ടും. ഉയർന്ന പ്രായപരിധിയില്ല. PMEG പോർട്ടലിൽനിന്നു ഫോം പൂരിപ്പിച്ച് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഖാദി ബോർഡിന്റെ വ്യവസായ ഓഫിസുകളിൽനിന്നു ലഭിക്കും.


വികസനത്തിന് ഒരു കോടി വരെ

പിഎംഇജിപി പദ്ധതിയിൽ വായ്പ എടുത്ത് നല്ല രീതിയിൽ നടക്കുന്ന യൂണിറ്റുകൾക്ക് ഒരു കോടി രൂപ വരെ രണ്ടാം ഗഡുവായി ബാങ്കു വായ്പ ലഭ്യമാണ്.


സംയുക്ത സ്വയം തൊഴിലിന് 10 ലക്ഷം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൂട്ടായി സ്വയംതൊഴിൽ തുടങ്ങാൻ പരമാവധി 10 ലക്ഷം വരെ വായ്പ അനുവദിക്കും. ഇതിൽ 25% വരെ സബ്സിഡിയാണ്. 21 മുതൽ 40 വരെ പ്രായമുള്ള, കുടുംബവാർഷിക വരുമാനം ഒരു ലക്ഷം കവിയാത്തവർക്കാണു പദ്ധതി. ഒരു ജോബ് ക്ലബ്ബിൽ രണ്ടു പേരെങ്കിലും ഉണ്ടാകണം. ബിരുദധാരികൾക്കും ടെക്നിക്കൽ യോഗ്യതയുള്ളവർക്കും മുൻഗണന.


അര ലക്ഷം രൂപ, 50% സബ്സിഡി

എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ പദ്ധതിയിൽ സ്വയംതൊഴിൽ ചെയ്യാൻ 50,000 രൂപ വരെ വായ്പ കിട്ടും. അതിൽ 50 ശതമാനം സബ്സിഡിയാണ്. വിധവകൾ, വിവാഹമോചനം നേടിയവർ, അവിവാഹിതയായ അമ്മമാർ, പട്ടികജാതി പട്ടിക വർഗക്കാർ എന്നിവർക്കാണ് പദ്ധതി. വാർഷിക വരുമാനം ഒരു ലക്ഷം വരെ. കൂടുതൽ വിവരങ്ങൾ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ലഭിക്കും.


മൂലധനച്ചെലവിന്റെ 30% വരെ സബ്സിഡി

സംസ്ഥാന വാണിജ്യവകുപ്പ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി നടപ്പാക്കുന്ന ഇഎസ്എസ് പദ്ധതിയിൽ മൊത്തം ചെലവിന്റെ 30% വരെ സബ്സിഡിയായി കിട്ടും. പരമാവധി സബ്സിഡി തുക 30 ലക്ഷം ആണ്. ഓൺ‌ലൈനായി ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് അപേക്ഷിക്കേണ്ടത്. വായ്പ എടുക്കാത്തവർക്കും സബ്സിഡി കിട്ടും.


വികസനത്തിന് 25 ലക്ഷം വരെ

രണ്ടു വർഷമായി ലാഭത്തിലുള്ള 25 ലക്ഷത്തിലധികം വിറ്റുവരവുള്ള വനിതാ സംരംഭത്തിന് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കെഎസ്ഐഡിസിയുടെ പദ്ധതി. വിദ്യാഭ്യാസയോഗ്യതയിലും പ്രായത്തിലും പരിധിയില്ല.വായ്പയ്ക്ക് ഏഴര ശതമാനം പലിശയാണ്.കെഎസ്ഐഡിസി സബ്സിഡിയില്ലെങ്കിലും മറ്റു വകുപ്പുകളുടെ സബ്സിഡിക്ക് അർഹതയുണ്ട്. കെഎസ്ഐഡിസിയുടെ തിരുവനന്തപുരം, കൊച്ചി ഓഫിസുകളിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും.


മുദ്ര വായ്പ, ഈടില്ലാതെ

ചെറുകിട സംരംഭങ്ങൾക്ക് അര ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന കേന്ദ്രപദ്ധതി. ശിശു പദ്ധതിയിൽ അര ലക്ഷവും കിഷോർ പദ്ധതിയിൽ അഞ്ചു ലക്ഷം വരെയും തരുൺ പദ്ധതിയിൽ 10 ലക്ഷം വരെയുമാണ് അനുവദിക്കുക. ബാങ്ക് നേരിട്ട് അനുവദിക്കുന്ന വായ്പയിൽ ഏഴു മുതൽ 12% വരെയാണ് പലിശ. ക്രെഡിറ്റ് ഗാരന്റി പദ്ധതി പ്രകാരം ഈടില്ലാതെ വായ്പ അനുവദിക്കും


ഭിന്നശേഷിക്കാർക്കു കൈവല്യ

സ്വയംതൊഴിലിനായി ഭിന്നശേഷിക്കാർക്കു കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ‘കൈവല്യ.’ പദ്ധതിയിൽ പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഗ്രൂപ്പ് സംരംഭങ്ങൾക്കും വായ്പ അനുവദിക്കും. ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കിൽ വായ്പ ലഭിക്കും. വായ്പത്തുകയുടെ 50%, പരമാവധി 25,000 രൂപ വരെ സബ്സിഡിയായി ലഭിക്കും.
കുടുംബവാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്. പ്രായം 21നും 55നും മധ്യേ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്തവരായിരിക്കണം. കൂടുതൽ വിവരങ്ങൾ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നു ലഭിക്കും
ലേഖകൻ ജില്ലാ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർ ആണ്

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search