FORM 10-E CREATOR (INCOME TAX RELIEF CALCULATOR
കുടിശ്ശിക ശമ്പളം ഉറക്കം കെടുത്തുമ്പോള്‍
ശമ്പള കുടിശ്ശികയുടെ ബില്‍ പാസ്സാക്കിയെടുക്കുമ്പോള്‍ കണ്ട ആവേശമൊന്നും നികുതി കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകാനിടയില്ല. മാത്രവുമല്ല മിക്ക കുടിശ്ശികയും തൊട്ടുതലോടാന്‍ പോലും അവസരം കിട്ടാത്ത വിധത്തില്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് മാറ്റിക്കിടത്തിയിട്ടുമുണ്ടായിരിക്കും. നൊന്തുപെറ്റ പിള്ളയെ കാണാന്‍ പോലും കിട്ടാത്ത തള്ളയെപ്പോലെ വിഷണ്ണനായിയിരിക്കുമ്പോഴായിരിക്കും ഇടിത്തീപോലെ വരുമാന നികുതിത്തുക കണ്ട് വാ പൊളിച്ചു നില്‍ക്കുക ! കയ്യില്‍ കിട്ടാത്ത കാശിനും നികുതി കൊടുക്കണമത്രേ..
ശരിയാണ്, പിള്ളയുറക്കം തന്നോടോപ്പമല്ലെന്നുപറഞ്ഞു തള്ളക്ക് തടിയൂരാനാകില്ലല്ലോ.
വിഷയത്തിലേക്ക് വരാം സാധാരണ ശമ്പളത്തോടൊപ്പം PF ലേക്ക് Credit ചെയ്ത അരിയറും പണമായി വാങ്ങിയ അരിയറും വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതിയടക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. പക്ഷെ ഇവിടെ ഒരു ‘മനുഷ്യാവകാശ’ പ്രശ്നം ഉന്നയിക്കാന്‍ പഴുത് കാണുന്നില്ലേ ? കുടിശ്ശികയെന്നാല്‍ മുന്‍കാലങ്ങളിലെ തുക ഇപ്പോള്‍ കിട്ടിയതെന്നര്‍ത്ഥം. അന്ന് തരേണ്ട തുക ഇന്ന് പിരടിയില്‍ ഇട്ടു ഇപ്പോള്‍ നികുതി ‘പിഴിയുന്നതില്‍’ എന്തു യുക്തി ? ഈ യുക്തിയില്‍നിന്നും ജന്മമെടുത്ത സെക്ഷനാണ് Section 89(1) പ്രകാരമുള്ള റിലീഫ് (ആശ്വാസം) എന്നുവേണം കരുതാന്‍. അങ്ങിനെയെങ്കില്‍ കുടിശ്ശികതുകക്കു മുഴുവന്‍ ‘റിലീഫ്’ കിട്ടുമെന്ന് കരുതാന്‍ വരട്ടെ, ഇവിടെ മറ്റൊരു കെണിയുണ്ട്, ഇപ്പോള്‍ കിട്ടിയ കുടിശ്ശിക കാലാകാലങ്ങളില്‍ കിട്ടിയിരുന്നെങ്കില്‍ അന്ന് കൂടുതല്‍ നികുതിയടക്കാന്‍ ബാധ്യസ്ഥരാകുമായിരുന്നില്ലേ നമ്മള്‍? കുഴക്കുന്ന ഈ മറുചോദ്യത്തിന് ഇലക്കും മുള്ളിനും കേടുപറ്റാത്ത വിധത്തില്‍ ഗണിച്ചെടുക്കാന്‍ പാകത്തില്‍ ഇന്‍കം ടാക്സ് വകുപ്പ് തയ്യാറാക്കിയ ഫോം സെറ്റാണ് 10 E Form set. പൊതുവേ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ വേണ്ടിവരാറുള്ള ഈ പണി ലളിതമാക്കാന്‍ റിലീഫ് കാല്‍ക്കുലേറ്ററുകള്‍ സഹായിക്കും.
കുടിശ്ശിക വാങ്ങിയ എല്ലാവര്‍ക്കും ‘റിലീഫ്’ തുകയിലൂടെ നികുതി ഇളവു കിട്ടണമെന്നില്ല. പൊതുവേ മുന്‍കാലങ്ങളില്‍ നികുതി സ്ഥിരമായി അടച്ചുപോരുന്നവര്‍ക്ക് ഇപ്പോള്‍ റിലീഫ് (ഇളവ്) കണക്കുകൂട്ടി നോക്കിയാല്‍ പൂജ്യമായി വരുന്നത് കാണാം. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്ഥിരമായി നികുതി അടക്കേണ്ടിവന്നിട്ടില്ലാത്തവര്‍ക്കും, ഇപ്പോള്‍ കിട്ടിയ അരിയര്‍ തുക മുന്‍ കാലങ്ങളിലേക്ക് പരിഗണിക്കുമ്പോള്‍ നികുതി സ്ലാബില്‍ മാറ്റം വരുന്ന ഏവര്‍ക്കും ആശ്വാസത്തിനു വകയുള്ളതായും കണ്ടേക്കാം.