[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

GST: നിങ്ങളറിയേണ്ട 50 കാര്യങ്ങള്‍


ഒരു രാജ്യം ഒരു നികുതി. ഈ ആശയത്തിന്റെ സാക്ഷാത്കാരത്തിലേക്കാണ് ഇന്ത്യ പോകുന്നത്. ചരക്ക് സേവന നികുതി (Goods and Services Tax - GST) നടപ്പാക്കപ്പെടുന്നതോടെ രാജ്യത്തെ നികുതി സമ്പ്രദായത്തില്‍ വരുന്നത് കാതലായ മാറ്റങ്ങള്‍ തന്നെയാണ്. 



അതുകൊണ്ട് തന്നെ ജി.എസ്.ടിയെ സംബന്ധിച്ച് ബിസിനസ് ലോകത്തിന്റെ സംശയങ്ങളും തീരുന്നില്ല. ഇനിയും ഏറെ കാര്യങ്ങളില്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
ഈ സാഹചര്യത്തില്‍ ജി.എസ്.ടിയെ കുറിച്ച് അറിയേണ്ട 50 കാര്യങ്ങള്‍.

1. ജി.എസ്.ടി നടപ്പാക്കപ്പെടുന്നത് എങ്ങനെയാണ്?

ചരക്കുകളിലും സേവനങ്ങളിലും ഒരേ നികുതി നിരക്കോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട് തലത്തിലുള്ള നികുതിയാണ് ജി.എസ്.ടി. ചരക്കുകളിലും സേവനങ്ങളിലും കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി (CGST) എന്നും സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതിയെ സ്റ്റേറ്റ് ജി.എസ്.ടി (SGST) എന്നും വിളിക്കുന്നു. ചരക്കിന്റെയോ സേവനങ്ങളുടെയോ അന്തര്‍ സംസ്ഥാന സപ്ലൈകളില്‍ കേന്ദ്രം ഇന്റഗ്രേറ്റഡ് ജി.എസ്.ടി (IGST) ചുമത്തുകയും ചെയ്യും. ഇവക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളില്‍ യൂണിയന്‍ ടെറിട്ടറി ജി.എസ്.ടിയും (UTGST) ചുമത്തപ്പെടുന്നതാണ്.

2. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്തവര്‍ ആരൊക്കെ?

പ്രതിവര്‍ഷ വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യുന്ന കര്‍ഷകര്‍, ജി.എസ്.ടി ആക്റ്റ് പ്രകാരം നികുതിരഹിതമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ മാത്രം കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. നികുതിരഹിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള എക്‌സംപ്റ്റഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. അവ മാത്രം കൈകാര്യം ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

3. ജി.എസ്.ടിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ നികുതി ബാധ്യതയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ?

മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങളായ ക്രൂഡ് ഓയ്ല്‍, പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം, വിമാന ഇന്ധനം എന്നിവയ്ക്ക് പുറമേ വൈദ്യുതിയും ജി.എസ്.ടിയില്‍ ഉള്‍പ്പെടില്ല. ഇവയില്‍ നിലവിലുള്ള വാറ്റും സെന്‍ട്രല്‍ എക്‌സൈസും തുടരുന്നതാണ്.

4. ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?

ടാക്‌സ് ഇന്‍വോയ്‌സ്, ഡെബിറ്റ് നോട്ട്, ബില്‍ ഓഫ് എന്‍ട്രി, ഐ.എസ്.ടി ഇന്‍വോയ്‌സ് എന്നിവ അല്ലെങ്കില്‍ റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തിലൂടെ ലഭിക്കുന്ന ഇന്‍വോയ്‌സോ ഉണ്ടായിരിക്കണം. ഫോം ജി.എസ്.ടി.ആര്‍-2ല്‍ പര്‍ച്ചേസിന്റെ വിശദാംശങ്ങള്‍ കാണിച്ചിരിക്കണം. സപ്ലൈയറും വാങ്ങുന്ന രജിസ്റ്റേഡ് ഡീലറും യഥാസമയം റിട്ടേണുകള്‍ സമര്‍പ്പിച്ചിരിക്കണം.

5. റിവേഴ്‌സ് ചാര്‍ജ് എന്താണ്?

സാധാരണഗതിയില്‍ സപ്ലൈയറാണ് നികുതി പിരിച്ച് അടക്കേണ്ടത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വില്‍പ്പന അല്ലെങ്കില്‍ സേവനം നല്‍കുന്നയാള്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാങ്ങുന്നയാള്‍ അതിന്റെ നികുതി അടക്കണം. ഇതിനെയാണ് റിവേഴ്‌സ് ചാര്‍ജ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു റബ്ബര്‍ കര്‍ഷകന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പക്ഷെ അയാളില്‍ നിന്നും റബ്ബര്‍ വാങ്ങുന്ന ഡീലര്‍ സ്വന്തം കൈയ്യില്‍ നിന്നും അതിന്റെ നികുതി അടയ്ക്കണം. എന്നാല്‍ അടുത്ത മാസത്തെ വില്‍പ്പനയില്‍ അത് തട്ടിക്കിഴിക്കുകയും ചെയ്യാം.

6. റിവേഴ്‌സ് ചാര്‍ജ് സംവിധാനം നിലവിലുള്ള പ്രത്യേക മേഖലകളുണ്ടോ?

ചില പ്രത്യേക സേവന മേഖലകളില്‍ റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തിലൂടെ മാത്രമേ നികുതി അടയ്ക്കാനാകൂ. ഉദാഹരണമായി ഒരു വിദേശ സ്ഥാപനമാണ് സേവനം നല്‍കുന്നതെങ്കില്‍ അത് നേടുന്ന ഇന്ത്യക്കാരനാണ് നികുതി അടയ്‌ക്കേണ്ടത്. എന്നാല്‍ പിന്നീട് ആ വ്യക്തി നടത്തുന്ന സപ്ലൈയില്‍ വരുന്ന ഔട്ട്-പുട്ട് ടാക്‌സില്‍ നിന്നും നേരത്തെ അടച്ച റിവേഴ്‌സ് ചാര്‍ജ് തട്ടിക്കിഴിക്കാനാകും. അതിനാല്‍ ഇത് യാതൊരുവിധ നഷ്ടവുമുണ്ടാക്കില്ല. വിദേശ സ്ഥാപനങ്ങളെ കണ്ടെത്തി അസസ്‌മെന്റ് നടത്തുക സാധ്യമല്ലാത്തതിനാല്‍ നികുതി ശേഖരണം സുഗമമാക്കുന്നതിനാണ് ചില പ്രത്യേക സേവന മേഖലകളില്‍ ഇത് കര്‍ക്കശമാക്കിയിട്ടുള്ളത്.

7. ആര്‍ക്കൊക്കെ കോമ്പോസിഷന്‍ സ്‌കീം തെരെഞ്ഞെടുക്കാം?

ഒരു സാമ്പത്തിക വര്‍ഷം 50 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുക്കാം. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. മൊത്തം വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനമാണ് ഇവര്‍ നികുതിയായി അടയ്‌ക്കേണ്ടത്. എന്നാല്‍ ഇത്തരക്കാര്‍ യാതൊരുവിധ നികുതിയും ശേഖരിക്കാന്‍ പാടില്ലെന്ന് മാത്രമല്ല ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇവര്‍ക്ക് ലഭിക്കുകയുമില്ല. കൂടാതെ സപ്ലൈ ഓഫ് സര്‍വീസസ്, വര്‍ക്‌സ് കോണ്‍ട്രാക്റ്റ് സര്‍വീസസ് എന്നിവ നടത്തുന്നവര്‍ക്ക് കോമ്പോസിഷന്‍ സ്‌കീം ബാധകമല്ല.

8. കോമ്പോസിഷന്‍ സ്‌കീമും അനുമാന നികുതിയും തമ്മിലുള്ള പ്രധാന വ്യത്യാസം?

വാറ്റില്‍ ഉണ്ടായിരുന്ന അനുമാന നികുതിക്ക് സമാനമായാണ് ജി.എസ്.ടിയില്‍ കോമ്പോസിഷന്‍ സ്‌കീം നടപ്പാക്കിയിരിക്കുന്നത്. വാറ്റില്‍ ആദ്യവില്‍പ്പന നടത്തുന്നവര്‍ക്ക് അനുമാന നികുതി അടക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ജി.എസ്.ടിയില്‍ അത്തരമൊരു നിയമ തടസമില്ലാത്തതിനാല്‍ ആദ്യവില്‍പ്പന നടത്തുന്നവര്‍ക്കും കോമ്പോസിഷന്‍ സ്‌കീം തെരെഞ്ഞെടുക്കാം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്തുന്നവര്‍ക്കും ഈ സ്‌കീം തെരെഞ്ഞെടുക്കാം. എന്നാല്‍ ഈ സ്‌കീം തെരഞ്ഞെടുത്തവര്‍ ഒരിക്കലും അന്തര്‍-സംസ്ഥാന വില്‍പ്പന നടത്താന്‍ പാടില്ല.

9. കോമ്പോസിഷന്‍ സ്‌കീമിലെ നികുതി നിരക്കുകള്‍ എത്രയാണ്?

കോമ്പോസിഷന്‍ നികുതി മൂന്ന് നിരക്കിലാണുള്ളത്. സാധാരണ വ്യാപാരി അര ശതമാനം ടഏടഠ യും അര ശതമാനം ഇഏടഠയും ഉള്‍പ്പെടെ ആകെ വിറ്റുവരവിന്റെ ഒരു ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടത്. ഉല്‍പ്പാദകനാണെങ്കില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനുമായി ഒരു ശതമാനം വീതം ആകെ രണ്ട് ശതമാനം നികുതി നല്‍കണം. സേവനങ്ങള്‍ക്ക് പൊതുവെ കോമ്പോസിഷന്‍ നികുതി ബാധകമല്ല. എന്നാല്‍ റെസ്‌റ്റൊറന്റ്, കേറ്ററിംഗ് സര്‍വ്വീസ് എന്നിവയെ സേവനമായിട്ടാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും അവയ്ക്ക് കോമ്പോസിഷന്‍ നികുതി ബാധകമാണ്. അവര്‍ രണ്ടര ശതമാനം വീതം ആകെ അഞ്ച് ശതമാനം നികുതിയാണ് അടക്കേണ്ടത്.

10. പ്രതിവര്‍ഷ വിറ്റുവരവ് കണക്കാക്കുന്നത് എങ്ങനെയാണ്?

ഒരു സംസ്ഥാനത്തെ മാത്രം വില്‍പ്പനയ്ക്ക് പകരം ദേശീയതലത്തിലുള്ള വില്‍പ്പനയെ അടിസ്ഥാനമാക്കിയാണ് വിറ്റുവരവ് നിര്‍ണ്ണയിക്കുന്നത്. ഇത് ജി.എസ്.ടിയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു പാന്‍ നമ്പറില്‍ ഒരു രജിസ്‌ട്രേഷനാണ് നല്‍കുന്നത്. ഉദാഹരണമായി ഒരു ഡീലര്‍ക്ക് നാല് സംസ്ഥാനങ്ങളിലായി 20 ലക്ഷം രൂപയിലധികം വിറ്റുവരവുണ്ടെങ്കില്‍ അതിന് എല്ലാ സംസ്ഥാനത്തും രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് മാത്രമല്ല വിറ്റുവരവ് മൊത്തത്തില്‍ കണക്കാക്കപ്പെടുകയും ചെയ്യും.

11. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒരു ഡീലറില്‍ നിന്നും ചരക്ക് വാങ്ങുന്നതിന് തടസമുണ്ടോ?

അതിന് പ്രത്യേകിച്ച് നിയമ തടസമൊന്നുമില്ല. പക്ഷെ അത്തരം വാങ്ങലുകള്‍ക്ക് ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുകയില്ല. കൂടാതെ കോമ്പോസിഷന്‍ സ്‌കീമിലുള്ള ഒരു ഡീലര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത സപ്ലൈയറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ റിവേഴ്‌സ് ചാര്‍ജില്‍ നികുതി അടക്കേണ്ടിവരുമെന്നതിനാല്‍ അത് ഡീലര്‍ക്ക് നഷ്ടമുണ്ടാക്കും.

12. കോമ്പോസിഷന്‍ സ്‌കീമിലുള്ള ഡീലറില്‍ നിന്നും ചരക്ക് വാങ്ങിയാല്‍ വാങ്ങുന്നയാള്‍ക്ക് ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുമോ?

ഇല്ല. കാരണം കോമ്പോസിഷന്‍ സ്‌കീമിലുള്ള ഒരു ഡീലര്‍ക്ക് ടാക്‌സ് ഇന്‍വോയ്‌സ് നല്‍കാന്‍ സാധിക്കുകയില്ല. അതിനാല്‍ അവരില്‍ നിന്നും ചരക്ക് വാങ്ങിയാല്‍ ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതല്ല.

13. കോമ്പോസിഷന് അര്‍ഹതയില്ലാത്ത ഒരു വ്യക്തി അത് ക്ലെയിം ചെയ്താലുള്ള നടപടി എന്തായിരിക്കും?

സ്‌കീമില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ലാത്തവര്‍ അത് ക്ലെയിം ചെയ്താല്‍ യഥാര്‍ത്ഥ നികുതിയും അതിന്റെ പലിശയും അടയ്‌ക്കേണ്ടിവരും. കൂടാതെ അടയ്‌ക്കേണ്ട നികുതിയുടെ അത്രയും തുക തന്നെ പിഴയായി അടയ്ക്കുകയും വേണം.

14. ഒരു സംസ്ഥാനത്ത് ഒന്നിലധികം ബിസിനസ് വെര്‍ട്ടിക്കലുകള്‍ ഉള്ളവര്‍ക്ക് ഓരോന്നിനും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമാണോ?

വേണ്ട. എന്നാല്‍ നികുതിദായകന്റെ ഇഷ്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി ഓരോ ബിസിനസിനും ആവശ്യമെങ്കില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നേടുന്നതിന് തടസമില്ല.

15. ബിസിനസ് വെര്‍ട്ടിക്കലുകള്‍ എന്ന പദത്താല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

വ്യത്യസ്ത തരം ബിസിനസ് സംരംഭങ്ങളെയാണ് ബിസിനസ് വെര്‍ട്ടിക്കലുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജി.എസ്.ടി നിയമപ്രകാരം ഒരു പാന്‍ നമ്പരില്‍ ഒരു സംസ്ഥാനത്തിനകത്ത് ഒരു രജിസ്‌ട്രേഷനേ നടത്താനാകൂ. എന്നാല്‍ ഒരു സംസ്ഥാനത്ത് തന്നെ ഒരു സംരംഭകന് വ്യത്യസ്ത തരം ബിസിനസുകള്‍ ഉണ്ടെങ്കില്‍ സംരംഭകന്റെ താല്‍പ്പര്യം അനുസരിച്ച് ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നതിനും നിയമ തടസമില്ല.

16. വ്യത്യസ്ത ബിസിനസ് വെര്‍ട്ടിക്കലുകളുള്ള ഒരു വ്യക്തി ഒന്നോ അതോ ഒന്നിലധികം രജിസ്‌ട്രേഷന്‍ എടുക്കുന്നതാണോ ഗുണകരം?

ഒരു വ്യക്തിക്ക് ഒരു സംസ്ഥാനത്ത് എത്ര ബിസിനസ് സംരംഭങ്ങളുണ്ടെങ്കിലും അവയെ എല്ലാം സംയോജിപ്പിച്ച് ഒരൊറ്റ രജിസ്‌ട്രേഷനിലാക്കാമെന്നത് ജി.എസ്.ടിയുടെ നേട്ടമാണ്. ഇതിലൂടെ സിസ്റ്റം കോസ്റ്റ് വന്‍തോതില്‍ കുറയും. കൂടാതെ ഒരൊറ്റ ബാലന്‍സ് ഷീറ്റാക്കാം. വിറ്റുവരവ് ഉയരുകയും അതിനാല്‍ ബാങ്ക് വായ്പ സുഗമമാകുകയും ചെയ്യും. എക്കൗണ്ടിംഗ് വിഭാഗത്തെ ചുരുക്കാമെന്ന് മാത്രമല്ല ടാക്‌സ് ഇടപാടുകള്‍ കൂടുതല്‍ സുഗമമാകുകയും ചെയ്യും.

17. നാലോ അഞ്ചോ ബിസിനസ് വെര്‍ട്ടിക്കലുകള്‍ ഉള്ള ഒരാള്‍ക്ക് അവയില്‍ ഒന്നിന് മാത്രമായി കോമ്പോസിഷന്‍ സ്‌കീം തെരെഞ്ഞെടുക്കാനാകുമോ?

ഇല്ല. ഒരു പാന്‍ നമ്പറുള്ള വ്യക്തിയുടെ പേരില്‍ വ്യത്യസ്ത രജിസ്‌ട്രേഷനുകള്‍ നിലവിലുണ്ടെങ്കില്‍ കോമ്പോസിഷന്‍ സ്‌കീം തെരെഞ്ഞെടുത്താല്‍ എല്ലാ ബിസിനസുകള്‍ക്കും അത് ബാധകമാകുന്നതാണ്.

18. ജി.എസ്.ടിയില്‍ എപ്പോഴാണ് നികുതി അടയ്‌ക്കേണ്ടത്?

സാധാരണ നികുതിദായകര്‍ എല്ലാ മാസത്തെയും നികുതി അടുത്ത മാസം ഇരുപതാം തീയതിയോടെ അടച്ചിരിക്കണം. കോമ്പോസിഷന്‍ രീതിയില്‍ നികുതി അടയ്ക്കുന്നവര്‍ ത്രൈമാസ അടിസ്ഥാനത്തിലാണ്
നികുതി അടയ്‌ക്കേണ്ടത്.

19. നികുതി അടയ്ക്കുന്നതിനുള്ള സമയം മാറ്റാനോ അല്ലെങ്കില്‍ മാസത്തവണകളായി അടയ്ക്കുന്നതിനോ സാധിക്കുമോ?

ഇല്ല. സ്വയം നിര്‍ണ്ണയിക്കുന്ന നികുതിയുടെ പേമെന്റുകള്‍ മാറ്റിവെക്കാനാകില്ല. എന്നാല്‍ അസസ്‌മെന്റിലൂടെ അഡീഷണല്‍ ഡിമാന്റ് നടത്തിയാല്‍ അതിന് ഇന്‍സ്റ്റാള്‍മെന്റ് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.

20. നികുതി ബാധ്യതയുള്ള വ്യക്തി നികുതി അടയ്ക്കാതെ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍?

അത്തരം റിട്ടേണിന് സാധുത ഉണ്ടായിരിക്കില്ല. നികുതി അടച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമേ അതിനെ വാലിഡ് റിട്ടേണ്‍ ആയി കണക്കാക്കുകയുള്ളൂ. എങ്കില്‍ മാത്രമേ ചരക്ക് സേവനങ്ങള്‍ക്കുള്ള ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകുകയുള്ളൂ.

21. ഒരു പാന്‍ നമ്പരില്‍ ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത് എപ്പോഴൊക്കെ?

രണ്ട് ഘടകങ്ങളെ ആസ്പദമാക്കിയാണ് ഇത് അനുവദിക്കുന്നത്. 1. ബിസിനസ് വെര്‍ട്ടിക്കലുകള്‍ 2. ഐ.എസ്.ഡി സംവിധാനം

22. ഐ.എസ്.ഡി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?

ദേശീയതലത്തിലുള്ള ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ബില്‍ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതം ലഭ്യമാക്കുന്നതിലേക്കായി കേന്ദ്ര ഓഫീസിന് ഇന്‍പുട്ട് സര്‍വ്വീസ് ഡിസ്ട്രിബ്യൂട്ടര്‍ (ഐ.എസ്.ഡി) എന്ന രജിസ്‌ട്രേഷന്‍ നല്‍കും. ഇതിലൂടെ ഏതൊക്കെ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നല്‍കാനുണ്ടോ അതിവര്‍ കൈമാറുന്നതാണ്. ഉദാഹരണമായി വിവിധ സംസ്ഥാനങ്ങളിലെ പരസ്യത്തിന്റെ പേയ്‌മെന്റുകള്‍ മുംബൈയില്‍ നിന്നും നിര്‍വ്വഹിക്കുമ്പോള്‍ അതിലെ നികുതി വിഹിതത്തിന്റെ വിതരണം ഇത്തരത്തിലായിരിക്കും. ഇതും ജി.എസ്.ടിയിലെ പുതിയൊരു സംവിധാനമാണ്.

23. ജി.എസ്.ടിയില്‍ എത്രതരം റിട്ടേണുകളുണ്ട്?

സാധാരണ രജിസ്‌ട്രേഷനുള്ളവര്‍ പ്രതിമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. കൂടാതെ വര്‍ഷം തോറും വാര്‍ഷിക റിട്ടേണും സമര്‍പ്പിക്കണം. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിട്ടേണ്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബറില്‍ സമര്‍പ്പിക്കണം. ഉദാഹരണത്തിന് 2017 - 18 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിട്ടേണ്‍ 2018 ഡിസംബറില്‍ സമര്‍പ്പിക്കണം. വാര്‍ഷിക വിറ്റുവരവ് ഒരു കോടിയില്‍ കൂടുതലുള്ളവര്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റിന്റെ ഓഡിറ്റഡ് സ്‌റ്റേറ്റ്‌മെന്റോടെ ആയിരിക്കണം റിട്ടേണ്‍ നല്‍കുന്നത്.

24. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി നിരക്കുകളില്‍ ഉണ്ടാകുന്ന തെറ്റുകള്‍ പിന്നീട് തിരുത്താനാകുമോ?

നികുതി നിരക്കുകളില്‍ തെറ്റുകള്‍ വരുത്താനാകില്ല. കാരണം വാറ്റില്‍ ഓരോ ചരക്കിന്റെയും നിരക്കുകള്‍ എന്റര്‍ ചെയ്യണമായിരുന്നെങ്കില്‍ ജി.എസ്.ടിയില്‍ ചരക്ക് ഏതാണെന്ന് അടയാളപ്പെടുത്തിയാല്‍ അതിന്റെ നിരക്ക് താനെ വരുന്നതാണ്. അതില്‍ വ്യത്യാസം വരുത്തി മുന്നോട്ട് പോകാന്‍ സിസ്റ്റം അനുവദിക്കുകയില്ല.

25. പ്രതിമാസ റിട്ടേണിന്റെ സവിശേഷതകള്‍?

പ്രതിമാസ റിട്ടേണിന് മൂന്ന് ഭാഗങ്ങളാണുള്ളത്. പുറത്തേക്കുള്ള സപ്ലൈയെക്കുറിക്കുന്ന GSTR1 പര്‍ച്ചേസിനെക്കുറിക്കുന്ന GSTR2, സിസ്റ്റം ജനറേറ്റഡ് റിട്ടേണായ GSTR3 എന്നിവയാണവ.

26. GSTR 1ല്‍ എന്തൊക്കെ വിവരങ്ങള്‍ നല്‍കണം?

രജിസ്‌ട്രേഷനുള്ള സെല്ലര്‍ ഒരു മാസം നടത്തിയ വിവിധതരം സപ്ലൈകളുടെ വിശദാംശങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. ഒരു മാസം നടത്തിയ വില്‍പ്പനയുടെ റിട്ടേണായ GSTR1 അടുത്തമാസം പത്താം തീയതിയോടെ അപ്‌ലോഡ് ചെയ്തിരിക്കണം. രജിസ്‌ട്രേഷനുള്ളതും അല്ലാത്തതുമായ എല്ലാതരം ഡീലര്‍മാര്‍ക്കുമുള്ള സപ്ലൈയുടെയും വിവരങ്ങള്‍ ഇതില്‍ ഉണ്ടാകും.

27. GSTR 2ല്‍ നല്‍കേണ്ടത് എന്തൊക്കെയാണ്?
സെല്ലര്‍ GSTR -1 അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പത്താം തീയതി അര്‍ദ്ധ രാത്രിക്ക് ശേഷം പര്‍ച്ചേസര്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ സിസ്റ്റത്തിലെ GSTR-2A യില്‍ കാണാനാകും. അതായത് പര്‍ച്ചേസിന്റെ റിട്ടേണ്‍, സിസ്റ്റം തന്നെ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കുന്നതാണ്. അതില്‍ ഡീലര്‍ വാങ്ങാത്ത ഒരു ഉല്‍പ്പന്നം വാങ്ങിയതായി സെല്ലര്‍ തെറ്റായി എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡീലര്‍ക്കത് ഡിലീറ്റ് ചെയ്യാം. കൂടാതെ ഡീലര്‍ വാങ്ങിയ ഒരു ഉല്‍പ്പന്നത്തെ സെല്ലര്‍ അതില്‍ കാണിച്ചിട്ടില്ലെങ്കില്‍ അതിന്റെ ബില്ല് കൈവശമുള്ളപക്ഷം അത് കൂട്ടിച്ചേര്‍ക്കാനും സാധിക്കും. എന്നിട്ട് പതിനഞ്ചാം തീയതിയോടെ തന്നെ ഡീലര്‍ കറക്റ്റ് ചെയ്ത GSTR -2 അപ്‌ലോഡ് ചെയ്തിരിക്കണം. സിസ്റ്റം നല്‍കുന്ന GSTR-2Aയില്‍ തെറ്റായ എന്‍ട്രിയൊന്നും ഇല്ലെങ്കില്‍ അതുതന്നെ അപ്‌ലോഡ് ചെയ്യാം.

28. GSTR-3 നല്‍കേണ്ടത് എപ്പോഴാണ്?
ഡീലര്‍ GSTR-2 അപ്‌ലോഡ് ചെയ്താല്‍ പതിനഞ്ചാം തീയതി അര്‍ദ്ധ രാത്രിക്ക് ശേഷം ഏടഠഞ1അയില്‍ സെല്ലര്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ കാണാനാകും. ഡീലര്‍ കൂട്ടിച്ചേര്‍ത്തതോ ഡിലീറ്റ് ചെയ്തതോ ആയ ബില്ലുകള്‍ സെല്ലര്‍ക്ക് അപ്പോള്‍ പരിശോധിക്കാം. പതിനേഴാം തീയതിയോടെ സെല്ലര്‍ അവയൊക്കെ സ്വീകരിക്കുകയോ അല്ലെങ്കില്‍ നിരാകരിക്കുകയോ ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ ഇരുപതാം തീയതിയോടെ ഡീലറുടെ നികുതി ബാധ്യത സിസ്റ്റം തന്നെ കണ്ടെത്തി നോട്ടിഫൈ ചെയ്യും. അതാണ് GSTR-3. അത് അനുസരിച്ചുള്ള നികുതിയാണ് ഡീലര്‍ അടക്കേണ്ടത്.

29. GSTR-2ല്‍ ഡീലര്‍ കൂട്ടിച്ചേര്‍ത്ത ബില്‍ സെല്ലര്‍ സ്വീകരിച്ചില്ലെങ്കില്‍?

ഡീലര്‍ ക്ലെയിം ചെയ്ത നികുതി ഇളവ് അതിന് അടുത്തമാസം പലിശയോടെ അടച്ചതിന് ശേഷം മാത്രമേ അടുത്ത റിട്ടേണ്‍ ഫയല്‍ ചെയ്യാനാകൂ. ഇത്തരത്തില്‍ ഓരോ മാസവും സിസ്റ്റം ജനറേറ്റഡ് കറക്ഷനും അസസ്‌മെന്റും നടക്കുമെന്നതാണ് ജി.എസ്.ടി സംവിധാനത്തിന്റെ പ്രത്യേകത.

30. GSTR -1നോടൊപ്പം ഇന്‍വോയ്‌സുകള്‍ സ്‌കാന്‍ ചെയ്ത് നല്‍കണോ?

വേണ്ട. പകരം അവയിലെ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ഒരൊറ്റ ബില്ലില്‍ തന്നെ ഒന്നിലധികം വ്യത്യസ്ത നികുതി നിരക്കിലുള്ള ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ ബില്ല് അപ്‌ലോഡ് ചെയ്യുമ്പോള്‍ ആ നമ്പര്‍ കാണിച്ച് അവയെല്ലാം പ്രത്യേകമായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതായത് നികുതി നിരക്കിന്റെ അടിസ്ഥാനത്തില്‍ തന്നെ വിശദാംശങ്ങള്‍ അപ്‌ലോഡ്
ചെയ്യണമെന്നര്‍ത്ഥം.

31. സപ്ലൈ എന്ന പദത്താല്‍ അര്‍ത്ഥമാക്കുന്നത്?

ജി.എസ്.ടിയില്‍ സപ്ലൈ എന്ന പദത്തിന് വളരെ വിപുലമായ അര്‍ത്ഥമാണുള്ളത്. ചരക്കുകളുടെയും സേവനങ്ങളുടെയും വില്‍പ്പന, കച്ചവടം, കൈമാറ്റങ്ങള്‍, ബാര്‍ട്ടര്‍, ലൈസന്‍സ്, എക്‌സ്‌ചേഞ്ച്, വാടക, പാട്ടം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന സേവനങ്ങള്‍ക്ക് പുറമേ മോഡല്‍ ജി.എസ്.ടി നിയമപ്രകാരം പ്രതിഫലമില്ലാതെ നല്‍കുന്ന ഇടപാടുകളും സപ്ലൈയുടെ പരിധിയില്‍ വരുന്നതാണ്.

32. അന്തര്‍സംസ്ഥാന, സംസ്ഥാന സപ്ലൈകള്‍ തമ്മിലുള്ള വ്യത്യാസം?

IGST നിയമപ്രകാരം ഒരു വിതരണക്കാരന്റെ സംസ്ഥാനവും സപ്ലൈ ലഭിക്കുന്ന സ്ഥലവും ഒരു സംസ്ഥാനത്തിലാണെങ്കില്‍ അത് സംസ്ഥാനത്തിന് അകത്തെ സപ്ലൈയും ഇവ രണ്ടും വെവ്വേറെ സംസ്ഥാനങ്ങളിലാണെങ്കില്‍ അത് അന്തര്‍ സംസ്ഥാന സപ്ലൈയുമാണ്.

33. ജി.എസ്.ടിയിലെ ഷെഡ്യൂളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?

സാധാരണ നികുതി നിയമത്തില്‍ നിലവിലുള്ള നികുതി നിരക്കുകളെയാണ് ഷെഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ജി.എസ്.ടിയിലെ ഷെഡ്യൂള്‍ നികുതി ബാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിലേക്കായി 3 ഷെഡ്യൂളുകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

34. ഷെഡ്യൂള്‍1 ന്റെ പ്രത്യേകത എന്താണ്?

പാരിതോഷികമായി അല്ലാതെ സൗജന്യമായി എന്ത് ഉല്‍പ്പന്നമോ സേവനമോ നല്‍കിയാലും അത് സപ്ലൈയായി കണക്കാക്കപ്പെടും. ഉല്‍പ്പന്നങ്ങളുടെ എക്‌സ്‌ചേഞ്ചിനും ഇത് ബാധകമാണ്. ഇപ്പോഴത്തെ CST നിയമപ്രകാരം ഇവിടത്തെ ഒരു ഉല്‍പ്പാദകന്‍ തമിഴ്‌നാട്ടിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ ഫോം എ നല്‍കിയാല്‍ ഇവിടെ നികുതി ബാധ്യതയുണ്ടാകില്ല. എന്നാല്‍ ജി.എസ്.ടിയില്‍ ഏത് വിലയ്ക്കാണോ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ അയക്കുന്നത് അതിന്റെ ടാക്‌സ് ഉല്‍പ്പാദകന്‍ ആദ്യം അടക്കണം. വില്‍പ്പനക്ക് ശേഷം അത് തട്ടിക്കിഴിക്കുകയും ചെയ്യാം.

35. ഷെഡ്യൂള്‍ 2 എന്തിനെ സൂചിപ്പിക്കുന്നു?

ചിലതരം സേവനങ്ങളെ ചരക്കുകളായും ചിലതരം ചരക്കുകളെ സേവനങ്ങളായും കണക്കാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണമായി പാചകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍, വര്‍ക്‌സ് കോണ്‍ട്രാക്ട് എന്നിവയെ ജി.എസ്.ടിയില്‍ സേവനമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

36. ഷെഡ്യൂള്‍ 3ന്റെ നിബന്ധനകള്‍?

ചരക്കോ സര്‍വ്വീസോ അല്ലാത്ത സപ്ലൈകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവയ്ക്ക് നികുതിയേ ബാധകമല്ല. ഉദാഹരണമായി വേതനം, സര്‍ക്കാര്‍ ഈടാക്കുന്ന വിവിധതരം ഫീസുകള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്.
37. ജി.എസ്.ടിയിലെ നികുതി നിരക്കുകള്‍ എത്രയായിരിക്കും?
പൂജ്യം മുതല്‍ 28 ശതമാനം വരെയുള്ള വ്യത്യസ്ത നികുതി നിരക്കുകളാണ് ഇതിലുള്ളത്. എന്നാല്‍ ഓരോഉല്‍പ്പന്നത്തിനും സേവനത്തിനും പ്രത്യേകമായുള്ള നികുതി നിരക്കുകളെ സംബന്ധിച്ച അന്തിമമായ തീരുമാനം ജി.എസ്.ടി കൗണ്‍സില്‍ എടുക്കാനിരിക്കുന്നതേയുള്ളൂ.

38. പുതുതായി ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്താനാകുമോ?

സംസ്ഥാന തലത്തിലുള്ള താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടപടികള്‍ നികുതി വകുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എങ്കിലും പ്രത്യേക അനുമതിയോടെ ആവശ്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താനാകും. ഇപ്പോള്‍ താല്‍ക്കാലിക നമ്പരാണ് ലഭിക്കുക. GST നിലവില്‍ വരുന്നതോടെ സ്ഥിരം നമ്പര്‍ ലഭിക്കും. പ്രൊപ്രൈറ്റര്‍ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇ-സിഗ്നേച്ചര്‍ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

39. ജി.എസ്.ടി നിലവില്‍ വന്നാലും രജിസ്ട്രഷന്‍ തുടരുമോ?

ജി.എസ്.ടി നടപ്പാക്കപ്പെടുന്നത് വരെ സംസ്ഥാന തലത്തിലാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. എന്നാല്‍ ജി.എസ്.ടി.എന്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്ത് താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ നേടിയവരുടെ വിശദാംശങ്ങള്‍ അതിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. തുടര്‍ന്ന് പുതുതായുള്ള രജിസ്‌ട്രേഷന്‍ ഏടഠച നെറ്റ്‌വര്‍ക്കില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. രജിസ്‌ട്രേഷന്‍ മാത്രമല്ല, റിട്ടേണ്‍ ഫയലിംഗ്, പേമെന്റ് എന്നിവയെല്ലാം പിന്നീട് ഏടഠച പോര്‍ട്ടലിലൂടെയാണ് നടത്തേണ്ടത്.

40. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒന്നിലധികം നമ്പരുകള്‍ ലഭിച്ചവര്‍ എന്തുചെയ്യണം?

സെന്‍ട്രല്‍ രജിസ്‌ട്രേഷനും വാറ്റ് രജിസ്‌ട്രേഷനും കൂടാതെ സര്‍വ്വീസ് രജിസ്‌ട്രേഷനും ഉണ്ടായിരുന്ന ഉല്‍പ്പാദകര്‍ അവ മൂന്നില്‍ നിന്നും ജി.എസ്.ടി രജിസ്‌ട്രേഷന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ മൂന്ന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഒരൊറ്റ പാന്‍ നമ്പരില്‍ ഒരു രജിസ്‌ട്രേഷനായി അത് ചുരുങ്ങുന്നതാണ്.

41. ചെറുകിട കച്ചവടക്കാരെയും കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഇല്ലാത്തവരെയും സഹായിക്കാനുള്ള സംവിധാനങ്ങള്‍?

ജി.എസ്.ടിയില്‍ പ്രത്യേക പരിശീലനം നേടിയ ടാക്‌സ് റിട്ടേണ്‍ പ്രിപ്പേറര്‍ (TRP) രജിസ്‌ട്രേഷന്‍, റിട്ടേണ്‍ എന്നിവയില്‍ ആവശ്യമായ സഹായം നല്‍കും. കൂടാതെ നികുതിദായകനോ അല്ലെങ്കില്‍ ചുമതലപ്പെട്ടയാളോ നല്‍കുന്ന ഫോമുകളും രേഖകളും ഡിജിറ്റലൈസ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനായി ഫസിലിറ്റേഷന്‍ സെന്ററുകളും സജ്ജമാക്കപ്പെടും. അക്ഷയ കേന്ദ്രങ്ങളും ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കും.
സംശയങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.

42. ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിക്കിഴിക്കുന്നതിലെ നിബന്ധനകള്‍?

ഒരു ബിസിനസ് വെര്‍ട്ടിക്കലിന്റെ ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് മറ്റൊരു വെര്‍ട്ടക്കലുമായി മാറ്റിയെടുക്കാനാകില്ല. കൂടാതെ ഇഏടഠ യിലും ടഏടഠയിലുമുള്ള ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് പരസ്പരം മാറ്റിയെടുക്കാനാകില്ല.

43. കൃത്യമായി റിട്ടേണുകള്‍ നല്‍കി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സെല്ലര്‍മാരെ എങ്ങനെ തിരിച്ചറിയാനാകും?

സെല്ലറും ഡീലറും കൃത്യമായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുകയും യഥാസമയം നികുതി അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ഇന്‍-പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുകയുള്ളൂ. ഇതിന് വിശ്വാസ്യതയുള്ള സെല്ലര്‍മാരില്‍ നിന്നുതന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നതാണ് ഡീലര്‍മാര്‍ നേരിടാന്‍ പോകുന്ന ഒരു മുഖ്യ വെല്ലുവിളി. തുടക്കത്തില്‍ തന്നെ അത്തരക്കാരെ കണ്ടെത്തുകയെന്നത് പ്രയാസകരമായേക്കും. എന്നാല്‍ ഏതാനും മാസത്തെ ഇടപാടുകളിലൂടെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനാകും. കൂടാതെ ഇടപാടുകളില്‍ കൃത്യത പാലിക്കാത്ത സെല്ലര്‍മാരുടെ പേര് വിവരം സിസ്റ്റം തന്നെ പിന്നീട് പ്രത്യേകം കാണിക്കുകയും ചെയ്യും.

44. ആരൊക്കെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം?

ഏടഠഞ ഒന്നു മുതല്‍ മൂന്ന് വരെയുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന നികുതിദായകര്‍ വാര്‍ഷിക റിട്ടേണും നല്‍കണം. എന്നാല്‍ താല്‍ക്കാലിക നികുതിദായകരും കോമ്പോസിഷന്‍ സ്‌കീമിലുള്ളവരും കടഉ വിതരണക്കാരും വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

45. വാര്‍ഷിക റിട്ടേണും ഫൈനല്‍ റിട്ടേണും തമ്മിലുള്ള വ്യത്യാസം?

നികുതിദായകരായിട്ടുള്ളവര്‍ ഒരു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സമര്‍പ്പിക്കുന്നതാണ് വാര്‍ഷിക റിട്ടേണ്‍. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏടഠ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ് ഫൈനല്‍ റിട്ടേണ്‍. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടാല്‍ മൂന്ന് മാസത്തിനകം ഫൈനല്‍ റിട്ടേണ്‍ നല്‍കിയിരി
ക്കണം.

46. റിട്ടേണ്‍ യഥാസമയം നല്‍കിയില്ലെങ്കില്‍ പിഴയുണ്ടാകുമോ?

തീര്‍ച്ചയായും. ഓരോ ദിവസത്തേക്കും 100 രൂപ വീതമാണ് പിഴ ഒടുക്കേണ്ടത്. ഇത് പരമാവധി 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

47. ജി.എസ്.ടിയില്‍ ലയിക്കുന്നതും അല്ലാത്തതുമായ നികുതികള്‍ ഏതൊക്കെയാണ്?

സംസ്ഥാന നികുതി
ലയിക്കുന്നവ - വാറ്റ്, പര്‍ച്ചേസ് ടാക്‌സ്, എന്‍ട്രി ടാക്‌സ്, ഒക്ട്രോയ്, ലോക്കല്‍ബോഡി ടാക്‌സ്, സെയില്‍സ് ടാക്‌സ് (ഭാഗികം), വിനോദ നികുതി, ആഡംബര നികുതി.
ലയിക്കാത്തവ - സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി, സ്റ്റാമ്പ് ഡ്യൂട്ടി, പ്രൊഫഷണല്‍ ടാക്‌സ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, 5 തരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നികുതി.
കേന്ദ്ര നികുതികള്‍
ലയിക്കുന്നവ - കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ ഡ്യൂട്ടീസ് ഓഫ് എക്‌സൈസ്, എക്‌സൈസ് ഓണ്‍ മെഡിസിനല്‍ & ടോയിലെ ട്രീസ് പ്രിപ്പറേഷന്‍, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സര്‍ച്ചാര്‍ജുകളും സെസുകളും, കേന്ദ്ര വില്‍പന നികുതി
ലയിക്കാത്തവ - കസ്റ്റംസ് ഡ്യൂട്ടി, റിസര്‍ച്ച് & ഡെവലപ്‌മെന്റ് സെസ്.

48. ജി.എസ്.ടിയിലേക്ക് മാറുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണോ?

ടാലിയുടെ സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്. കൂടാതെ വിവിധ സ്വകാര്യ കമ്പനികളും ജി.എസ്.ടി സോഫ്റ്റ്‌വെയറുകള്‍ വിപണിയിലേക്കെത്തിച്ചിട്ടുണ്ട്.
ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്ക് ഓഫ്‌ലൈനായി വിശദാംശങ്ങള്‍ എന്റര്‍ ചെയ്ത് വച്ചശേഷം നിശ്ചിത തീയതിയില്‍ അവ അപ്‌ലോഡ് ചെയ്യാനാകുന്ന വിധത്തില്‍ ഏടഠച തന്നെ ഒരു സൗജന്യ
സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുന്നതിനും ആലോചിക്കുന്നുണ്ട്.

49. ടൂറിസം മേഖലയ്ക്ക് ജി.എസ്.ടി എത്രമാത്രം ഗുണകരമാകും?

ആതിഥേയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ് ആന്‍ഡ് ബിവറേജസ് സ്ഥാപനങ്ങള്‍ക്ക് വന്‍ നേട്ടമാണ് ജി.എസ്.ടി നല്‍കുക. ഇപ്പോള്‍ വ്യത്യസ്ത നികുതി നിരക്കുകള്‍ കാരണം ഈ രംഗത്തെ ബില്ലുകളില്‍ 35 ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്. ജി.എസ്.ടി വരുന്നതോടെ ഇതില്‍ 15 ശതമാനം വരെ കുറവുണ്ടാകും. എന്നാല്‍ വിദേശ മദ്യത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ഒരു പോരായ്മയാണ്.

50. കേരളത്തില്‍ ജി.എസ്.ടി ബില്‍ എപ്പോള്‍ പാസാകും?

കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഫിനാന്‍സ് ബില്‍ അവതരിപ്പിക്കും. ജൂണില്‍ പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്‍ പാസാക്കിയേക്കും.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

No comments:

Post a Comment

NVLA News

Start typing and press Enter to search